വീട്ടുമുറ്റത്തേക്ക് ലോറിമറിഞ്ഞു

#അനിൽ പുളിക്കാൽ

അപകടമൊഴിയാതെ മൂന്നാംകടവ്; കണ്ണടച്ച് അധികൃതർ

പെരിയ: ഗൃഹപ്രവേശം കഴിഞ്ഞ വീടിന്റെ മുറ്റത്തേക്ക് വളംകയറ്റിവന്ന ലോറി മറിഞ്ഞു. തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം. വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന മൂന്നാംകടവ് ഇറക്കത്തിലാണ് അപകടം. ചൊവ്വാഴ്ച അർധരാത്രി 12-ഒാടെയാണ് സംഭവം. മൂന്നാംകടവ് പാലത്തിന് സമീപത്തെ എം. മുഹമ്മദിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു ഈ വീടിന്റെ ഗൃഹപ്രവേശം. ബന്ധുക്കൾ അപകടം നടക്കുന്നതിന് അരമണിക്കൂർ മുൻപ് മാത്രമാണ് ഇവിടെനിന്ന് മടങ്ങിയത്.

വലിയ ശബ്ദം കേട്ടാണ് മുഹമ്മദും ഭാര്യ ഫാത്തിമയും പുറത്തേക്കോടിയത്. മുറ്റത്ത് തകർന്നുകിടക്കുന്ന ലോറിയും മുകളിൽ വൈദ്യുതക്കമ്പികൾ ഉരസിയുള്ള തീയും കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറുടെ നിലവിളിയും ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ട് മുഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻതന്നെ മരുമകൻ ഷംസുദ്ദീനെ വിളിച്ചുവരുത്തി. സമീപവാസികളായ അഹമ്മദും ബഷീറും ചേർന്ന് കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു.

സാരമായി പരിക്കേറ്റ ഡ്രൈവർ പിണറായി സ്വദേശി മിഥിലാജിനെ (25) ഇവർ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചു. കാലിനാണ് സാരമായി പരിക്കേറ്റത്. മുകളിലെ വൈദ്യുതത്തൂൺ ഇടിച്ചുതകർത്താണ് ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തിൽ ലോറി പൂർണമായും തകർന്നു. മുള്ളേരിയ ഭാഗത്തേക്ക് വളംകയറ്റി പോവുകയായിരുന്നു ലോറി. മൂന്നാംകടവ് ഇറക്കത്തിലെ അപകടങ്ങൾക്ക് ശാശ്വതപരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

നാടിന്റെ ഉറക്കം കെടുത്തി അപകടങ്ങൾ

2015-ൽ മൂന്നാംകടവ് പാലം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകംതന്നെ അപകടങ്ങളും തുടങ്ങി. ഉദ്ഘാടനവേളയിൽതന്നെ റോഡിന് വിട്ടുകൊടുത്ത സ്ഥലത്ത് കൂടിയല്ല റോഡ് നിർമിച്ചതെന്ന ആക്ഷേപമുയർന്നിരുന്നു.

ഇതിനകം 12-ഓളം അപകടമരണങ്ങളാണ് ഇവിടെ നടന്നത്. സാരമായി പരിക്കേറ്റ അപകടങ്ങൾ വേറെയും ഉണ്ട്. മൂന്നാംകടവ് ഇറക്കത്തിലെ അപകടകരമായ വളവും റോഡിന്റെ അമിതചരിവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

അഞ്ചുമാസം മുൻപ് അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു.

തുടർന്ന് കാഞ്ഞങ്ങാട് ആർ.ഡി.ഒ. പ്രശ്നപരിഹാരത്തിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ യോഗം മാറ്റിവെച്ചു. നാളിതുവരെ വീണ്ടും യോഗം വിളിക്കാൻ നടപടിയായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കാരണം ഉദ്യോഗസ്ഥ അനാസ്ഥ

അശാസ്ത്രീയമായ റോഡിന്റെ പുനർനിർമാണത്തിനായി റിപ്പോർട്ട് നൽകാൻ എൻജിനീയറെ ആർ.ഡി.ഒ. ചുമതലപ്പെടുത്തിയിരുന്നു. കർമസമിതി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു നടപടി. എന്നാൽ ഇതുവരെ സ്ഥലം സന്ദർശിക്കാനോ നാട്ടുകാരെ കാണാനോ ഉദ്യോഗസ്ഥൻ തയ്യാറായില്ല.

റോഡിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വിജിലൻസ് അന്വേഷണം വേണം. വിഷയത്തിൽ എം.പി., എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണം.

ഫസൽ മൂന്നാംകടവ്,

കർമസമിതി കൺവീനർ