ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജിൽ ഒ.പി. സേവനം തുടരും

കാസർകോട് : കാസർകോട് ഗവ. മെഡിക്കൽ കോളേജിന്റെ ഭാഗമായി നിലവിൽ ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ കാസർകോട് ജനറൽ ആസ്പത്രിയിലേക്ക് മാറ്റാനുള്ള നീക്കം യുവജനസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മരവിപ്പിച്ചു. രണ്ടാംവർഷ വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലന സൗകര്യാർഥം നിലവിലെ ഒ.പി. വിഭാഗം കാസർകോട് ജനറൽ ആസ്പത്രിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ ധാരണയനുസരിച്ചാണ് അങ്ങനെയൊരു നീക്കം നടന്നത്. ഇതുസംബന്ധിച്ച് പ്രിൻസിപ്പലിന്റെ പേരിൽ കോളേജ് നോട്ടീസ് ബോർഡിൽ അറിയിപ്പ് പതിച്ചിരുന്നു.
നിലവിൽ നൽകിവരുന്ന ഒ.പി സേവനങ്ങൾ നിർത്തലാക്കാനുള്ള തീരുമാനം രോഗികളെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഒപ്പം സ്വകാര്യ ആസ്പത്രികളെ സഹായിക്കാനായി മെഡിക്കൽ കോളേജിനെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന ആരോപണവുമുയർന്നു. പ്രശ്നത്തിൽ ഭരണപക്ഷ യുവജന സംഘടനയായ യൂത്ത്ലീഗും ഡി.വൈ.എഫ്.ഐ. ഉൾപ്പെടെയുള്ള പ്രതിപക്ഷ യുവജനസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് ഒ.പി. സേവനങ്ങൾ മാറ്റാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.