എരിയാൽ വില്ലേജ് ഓഫീസ് റോഡ് റീ ടാറിങ് വൈകുന്നു

മൊഗ്രാൽപുത്തൂർ : എരിയാൽ വില്ലേജ് ഓഫീസ് റോഡിന്റെ റീടാറിങ് വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ടാറിങ് അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എരിയാൽ വില്ലേജ് ഓഫീസ്, കാവുഗോളി ഗവ. എൽ.പി. സ്കൂൾ, ദുർഗാ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലേക്ക്‌ എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡാണിത്.

റോഡിന്റെ പല ഭാഗങ്ങളും തകർന്നനിലയിലായതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഏറെ പ്രയാസംനേരിടുകയാണ്.

മഴക്കാലമായതോടെ റോഡിലെ കുഴികളിലും തകർന്നഭാഗങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.

വാഹനങ്ങൾ കുഴികളിൽ വീഴുന്നതും പതിവാണ്.

റോഡിന്റെ നിലവിലെ അവസ്ഥ അപകടസാധ്യതയ്ക്കും കാരണമാകുന്നുണ്ടെന്നാണ് യാത്രക്കാരുടെ പരാതി. റീ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രവൃത്തി അടിയന്തരമായി ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ഇ.വൈ.സി.സി. എരിയാൽ ആവശ്യപ്പെട്ടു.