വെങ്ങാട്ടും മയ്യിച്ചയും ഈ നാട്ടിലല്ലേ?

ആറുവരിപ്പാത പൂർത്തിയാകുന്നതോടെ പ്രദേശം കുടുക്കിലാകും
ചെറുവത്തൂർ : ദേശീയപാത 66-ൽ സർവീസ് റോഡ് പ്രവൃത്തിയിലെ അപാകം വെങ്ങാട്ട്, മയ്യിച്ച പ്രദേശങ്ങൾക്ക് കുരുക്കായി. കൊവ്വൽ അടിപ്പാത മുതൽ മയ്യിച്ച പാലം വരെ സർവീസ് റോഡിന് ആവശ്യമായ വീതിയില്ല. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി സർവീസ് നടത്താനാകില്ല. ആറുവരിപ്പാത പൂർത്തിയാകുന്നതോടെ കൊവ്വൽ മുതൽ മയ്യിച്ചവരെ ദേശീയപാതയ്ക്ക് പടിഞ്ഞാറ് പ്രദേശത്തെ ജനങ്ങളുടെ വാഹനഗതാഗതവും ദൈനംദിനയാത്രയും പ്രതിസന്ധിയിലാകും.
മൂന്നരമുതൽ നാലരമീറ്റർ വരെയാണ് പലയിടത്തും വീതിയുള്ളത്. ഭാവിയിൽ നാട് അനുഭവിക്കണ്ടിവരുന്ന ദുരുതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ദേീയപാതാ അതോറിറ്റി, പ്രോജക്ട് ഡയറക്ടർ, പ്രോജക്ട് കൺസൾട്ടന്റ് ടീം ലീഡർ, കരാർ കമ്പനി അധികൃതർ എന്നിവർക്കെല്ലാം നാട്ടുകാർ പരാതിയും നിവേദനവും നൽകി. നിലവിൽ നേരിടുന്ന പ്രശ്നങ്ങളും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വിഷയങ്ങളും ബോധ്യപ്പെടുത്തിയാണ് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയത്. അപാകം പരിഹരിക്കുന്നതിന് ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിച്ചിട്ടില്ല.
സർവീസ് റോഡിലെ അപാകം പരിഹരിക്കാതെ ആറുവരിപ്പാതയുടെ പ്രവൃത്തി അതിവേഗത്തിലാണ് നടക്കുന്നത്. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. വർഷകാലത്ത് വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശമാണ് മയ്യിച്ച. ദേശീയപാതാ നിർമാണത്തിനായി 45 മീറ്ററാണ് അളന്നുതിട്ടപ്പെടുത്തി കല്ലിട്ടത്. ഇതിൽ 27.5 മീറ്റർ ആറുവരിപ്പാത. ചിലയിടങ്ങളിൽ 28 മീറ്ററാകാം. ആറേകാൽ മീറ്റർ വീതം (ഓവുചാൽ അടക്കം) ഇരുഭാഗങ്ങളിലും സർവീസ് റോഡ്. ഇരുഭാഗങ്ങളിലും രണ്ടുമീറ്റർ വീതം നടപ്പാത എന്ന ക്രമത്തിലാണ് രൂപരേഖ. പലയിടങ്ങളിലും സർവീസ് റോഡിൽ നിശ്ചയിച്ച വീതിയില്ല.
ഓവുചാൽ പണിയാനും നടപ്പാതയ്ക്കും സ്ഥലമില്ലാത്ത സ്ഥിതിയാണ്. കാര്യങ്കോട് പാലം മുതൽ മയ്യിച്ച പാലം വരെയും സർവീസ് റോഡ് അനുവദിച്ചിട്ടില്ല. ഇവിടെ സ്ലിപ്പ് റോഡ് പണിയാനുള്ള നീക്കമാണ് നടക്കുന്നത്. സഞ്ചാരസ്വാതന്ത്ര്യവും ഭാവിയിലെ യാത്രാസൗകര്യവും സംരക്ഷിക്കുന്നതിന് വെങ്ങാട്ട്, മയ്യിച്ച പ്രദേശവാസികൾ ഒറ്റക്കെട്ടായി സമരത്തിനിറങ്ങാനാണ് തീരുമാനം. പ്രതിഷേധിക്കുന്നവർക്കെതിരേ പോലീസിൽ പരാതി നൽകി കേസെടുപ്പിക്കാനും പിഴയീടാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.