വാർഫില്ല; കീഴൂരിൽ തോണികൾ കെട്ടിയിടുന്നത് പ്രാകൃതരീതിയിൽ

കീഴൂർ : കാസർകോട് കസബ മീൻപിടിത്ത തുറമുഖത്തിന്റെ തെക്കേ കരയായ കീഴൂരിൽ അടുപ്പിക്കുന്ന തോണികൾ സുരക്ഷിതമായി കെട്ടിയിടാൻ സൗകര്യമില്ലാതെ തൊഴിലാളികൾ വിഷമിക്കുന്നു. കാസർകോട്-കീഴൂർ കടപ്പുറങ്ങളുടെ (മത്സ്യഗ്രാമങ്ങൾ) അതിർത്തിയായ ചന്ദ്രഗിരി അഴിമുഖം, തുറമുഖ ചാനലായി രൂപകല്പന ചെയ്തതാണ് കാസർകോട് തുറമുഖം. ഇതിൽ ചന്ദ്രഗിരിപ്പുഴയുടെ വടക്കേ തീരത്ത്, തളങ്കരയിൽ മീൻപിടിത്ത തൊഴിലാളികൾക്ക് വേണ്ട മറ്റ് സൗകര്യങ്ങളുമുണ്ട്.

പക്ഷേ ഇവിടെ രണ്ട് കരകളിലേയും മുഴുവൻ തോണികളും ബോട്ടുകളും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. സീസൺ കാലത്ത് നീലേശ്വരം മുതൽ വടക്കോട്ടുള്ള മുഴുവൻ മത്സ്യഗ്രാമങ്ങളിലേയും തോണികൾ കീഴൂരിലെത്താറുണ്ട്. അങ്ങനെ വരുമ്പോൾ യാനങ്ങളുടെ എണ്ണം പിന്നെയും വർധിക്കും. കീഴൂർ ഭാഗത്ത് നിന്നുള്ള തൊഴിലാളികൾക്ക് ഇന്ധനവും യന്ത്രവുമെടുത്ത് കടൽപ്പണിക്ക് പോകാൻ പുലർച്ചെ തളങ്കര ജെട്ടിയിലേക്ക് എത്തണമെങ്കിൽ, കാസർകോട് നഗരത്തിലെത്തി റെയിൽവേ സ്റ്റേഷൻ റോഡുവഴി കിലോമീറ്ററുകളോളം ചുറ്റി വളയണം. ഇതെല്ലാം കാരണമാണ് ചന്ദ്രഗിരിപ്പുഴക്ക് തെക്കുള്ള ഗ്രാമക്കാർ കീഴൂരിൽ തോണി അടുപ്പിക്കുന്നത്. ബേക്കൽ, പള്ളിക്കര, തൃക്കണ്ണാട് കടപ്പുറങ്ങളിൽ തോണികൾ തീരത്തേക്ക് കയറ്റി വയ്ക്കാൻ കഴിയും. കീഴൂരിൽ അതിനും വഴിയില്ല.

ഇപ്പോൾ തോണികൾ കെട്ടുന്നതിങ്ങനെ

:ചന്ദ്രഗിരി പുഴയുടെ തെക്കേതീരമായ കീഴൂരിൽ വലുതും ചെറുതുമായ നാടൻ വളളങ്ങളും ഒഴുക്ക് വല തോണികളുമായി നൂറ് കണക്കിന്ന് വള്ളങ്ങൾ യാതൊരു സുരക്ഷയുമില്ലാതെ പ്രാകൃത രീതിയിലാണ് കെട്ടിയിടുന്നത്. പുഴയോരത്ത് പലസ്ഥലങ്ങളിൽ തൊഴിലാളികൾ വലിയ ഇരുമ്പു കമ്പികൾ അടിച്ചു താഴ്ത്തിയിട്ടുണ്ട്. ഈ കമ്പിയിൽ നിന്നും വണ്ണമുള്ള പ്ലാസ്റ്റിക് കയർ ഒരു തോണിയിലേക്ക് കെട്ടും. ഈ തോണിയുമായി ചുറ്റുവട്ടത്തുള്ള അഞ്ചും പത്തും തോണികളെ ചെറു കയറുകളാൽ ബന്ധിപ്പിക്കും. ഇതുമൂലം തങ്ങളുടെ തോണികൾ സുരക്ഷിതമാണെന്ന മനസ്സമാധാനത്തോടെ ഉറങ്ങാൻ സാധിക്കാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.

ചെറുതും വലുതുമായ നൂറിലധികം തോണികൾ കീഴൂരിൽ ഇങ്ങനെ പരസ്പരം ബന്ധിച്ച് നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്. ശക്തമായ കാറ്റ്, നീരൊഴുക്ക്, കള്ളക്കടൽ പ്രതിഭാസം, വേലിയേറ്റം തുടങ്ങിയവയാൽ വളളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തകരാറാകുന്നതും ഇവിടെ പതിവാണ്.

ഏതോ സാഹചര്യത്തിൽ കമ്പിയിൽ നിന്നുള്ള പ്രധാന കയർ അഴിഞ്ഞതിനെ തുടർന്ന് തോണിക്കൂട്ടം ഒഴുകി പോയതും അവ കടലിലേക്ക് കടക്കും മുൻപ് രക്ഷിച്ച അനുഭവവും കീഴൂരിലെ മീൻ പിടിത്ത തൊഴിലാളികൾക്ക് പറയാനുണ്ട്. ചന്ദ്രഗിരി പുഴയുടെ തെക്കേകരയിൽ പലസ്ഥലത്തും ഇത്തരത്തിൽ അടിച്ചു താഴ്‌ത്തിയ കമ്പികൾ കാണാവുന്നതാണ്.