ശാസ്ത്രീയസംഗീതത്തിൽ ലയിച്ച് ഗോശാല

പെരിയ : ബേക്കൽ ഗോകുലം ഗോശാലയിൽ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തിൽ ചേർത്തല രംഗനാഥശർമ്മയുടെ കച്ചേരി സ്വര ഗാംഭീര്യം കൊണ്ടും പരിചയ സമ്പന്നത കൊണ്ടും ആകർഷണീയമായി.

തിരുവനന്തപുരം സമ്പത്തിന്റെ വയലിൻ വാദനവും, മൃദംഗ വിദ്വാൻ പാലക്കാട് ജയകൃഷ്ണനും ഗഞ്ചിറ വിദ്വാൻ ഉഡുപ്പി ശ്രീകാന്തും ചേർന്നുള്ള തനിയാവർത്തനവും ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിന്നു. യുവ സംഗീതജ്ഞൻ ശ്രീറാം മഹാദേവൻ നവരാഗമാലികയിലുള്ള വർണത്തോടെ തുടങ്ങി, സഹാന, പന്തുവരാളി, ഖമാസ്, ഹിന്ദോളം, ഖരഹരപ്രിയ, സിന്ധു ഭൈരവി രാഗങ്ങളിലുള്ള കൃതികൾ ആലപിച്ചു. കാഞ്ഞങ്ങാട് ജീവോദയ സ്പെഷ്യൽ സ്കൂളിലെ ഇരുപതോളം കുട്ടികളെ ഗോശാല ധേനു മണ്ഡപത്തിൽ ആദരിച്ചു. സെപഷ്യൽ സ്‌കൂളിലെ അഭിജിത് ധേനു മണ്ഡപത്തിൽ ഗാനമാലപിച്ചു. എൻ ജെ നന്ദിനിയുടെയും നന്ദിനി റാവുവിന്റെയും കച്ചേരികൾ ഏറെ ശ്രദ്ധനേടി.