തുടർച്ചയായ അപകടങ്ങൾ; ദേശീയപാതയിൽ ഒന്നിനും ഒരു നിശ്ചയവുമില്ല

കരിവെള്ളൂർ : മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെയും സൂചനാബോർഡുകളോ സുരക്ഷാസംവിധാനങ്ങളോ ഒരുക്കാതെയും വാഹനങ്ങളുടെ വഴിതിരിച്ചുവിടുന്നതുമൂലം ദേശീയപാതയിൽ അപകടങ്ങൾ കൂടുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പലപ്പോഴും വാഹനങ്ങളെ ദേശീയപാതയുടെ മറ്റൊരു ഭാഗത്തേക്കോ സർവീസ് റോഡിലേക്കോ തിരിച്ചുവിടുന്നത്. ശ്രദ്ധയൊന്നുമാറിയാൽ അപകടമുറപ്പ്. ഒരാഴ്ചയ്ക്കുള്ളിൽ ആണൂർ മുതൽ പാലത്തര വരെയുള്ള രണ്ട് കിലോമീറ്ററിനുള്ളിൽ മാത്രം നാല് അപകടങ്ങളുണ്ടായി. ഇതിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആണൂർ പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽനിന്ന് കാലിക്കടവിലേക്ക് പോകാൻ ദേശീയപാതയിലേക്ക് പ്രവേശിച്ച സ്കൂട്ടർ യാത്രക്കാരൻ കാറിനടിയിൽപ്പെടുകയായിരുന്നു. മൂന്ന് മാസം മുൻപ് ഇതേ രീതിയിലുണ്ടായ അപകടത്തിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. മിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുറച്ച് ദിവസമായി കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ ആണൂർ വരെ പടിഞ്ഞാറ് ഭാഗത്തെ ദേശീയപാത വഴിയാണ് വരുന്നത്. പെട്രോൾ പമ്പിന് മുന്നിൽവെച്ച് ദേശീയപാതയുടെ രണ്ട് ഭാഗത്തേക്കും പ്രവേശിക്കും. ഇതേ സ്ഥലത്തുവെച്ചാണ് ഏച്ചിക്കുളങ്ങര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാത മുറിച്ചുകടന്ന് കാലിക്കടവിലേക്ക് പോകുന്നത്. സൂചനാബോർഡുകളോ സുരക്ഷാസംവിധാനങ്ങളോ ഒന്നുംതന്നെ ഇവിടെയില്ല. ഏതു വഴിയാണ് വാഹനങ്ങൾ വരുന്നതെന്ന് തിരിച്ചറിയാൻ തന്നെ പ്രയാസമാണ്. ജീവൻ പണയംവെച്ചുവേണം ഈ ഭാഗത്തുകൂടി യാത്ര ചെയ്യാൻ.മുന്നറിയിപ്പില്ലാതെ വാഹനങ്ങളുടെ ഗതി മാറ്റുന്നതുമൂലം യാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. രാവിലെ വന്ന വഴിയിലൂടെയായിരിക്കില്ല ഉച്ചയാകുമ്പോഴേക്കും വാഹനങ്ങൾ വരിക. ബസ് കയറുന്നതിന് പലപ്പോഴും പൊരിവെയിലത്ത് അലയേണ്ടിവരുന്നുണ്ട്. ദേശീയപാതയുടെ പണി ഇഴഞ്ഞുനീങ്ങുന്നതാണ് അപകടങ്ങൾക്കും ദുരിതങ്ങൾക്കും കാരണം. പുതിയ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും രാത്രിയിൽ കൂരിരുട്ടാണ്. ബൾബുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകാശിച്ചുതുടങ്ങിയിട്ടില്ല. ക്യാമറകൾ ഇല്ലാത്തതുകൊണ്ട് അപകടങ്ങൾ നടന്നാൽ വാഹനങ്ങളെ തിരിച്ചറിയാൻ പോലും കഴിയുന്നില്ല. ഇത് മുതലാക്കി വാഹനങ്ങൾ അപകടശേഷം നിർത്താതെപോകുന്ന സംഭവങ്ങളുമുണ്ട്.
കൃത്യമായ മുന്നൊരുക്കമില്ലാതെ വാഹനഗതാഗതത്തിൽ മാറ്റം വരുത്തരുതെന്നും ദേശീയപാതയുടെ നിർമാണം അടിയന്തിരമായി പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.