ചെമ്പൊട്ടിക്കുന്നിൽനിന്ന് പുറത്തുവരുന്നത് അദ്ഭുതങ്ങൾ

കരിവെള്ളൂർ : ചെമ്പൊട്ടിക്കുന്നിലെ പെരികമന ഇല്ലപ്പറമ്പിൽനിന്ന് ചരിത്രഗവേഷകർ കണ്ടെത്തുന്നത് അത്ഭുതങ്ങൾ. കുന്നിൻമുകളിലെ കുടക്കല്ലുകളുടെ സംരക്ഷണപ്രവൃത്തികൾ പുരാവസ്തു വകുപ്പ് ആരംഭിച്ചതോടെയാണ് ഓരോ ദിവസവും അപൂർവ ചരിത്രശേഷിപ്പുകൾ കണ്ടെത്തുന്നത്. കുടക്കല്ലുകളിൽ മൂന്നെണ്ണം ശരിയായ രൂപത്തിൽ സംരക്ഷിച്ച്‌ നിലനിർത്തിക്കഴിഞ്ഞു.

അരയാൽ മരത്തിന്റെ വേരുകളാൽ പ്രകൃതി താങ്ങിനിർത്തിയിരുന്ന ഒരു കുടക്കല്ല് പരിശോധിച്ചപ്പോൾ കഴിഞ്ഞദിവസം വലിയ അദ്ഭുതങ്ങളാണ് കണ്ടെത്തിയത്. 3000 വർഷത്തോളം പഴക്കമുള്ള മൺതെരികകളാണ് അതിൽ പ്രധാനപ്പെട്ടത്. മറ്റുള്ള പാത്രങ്ങൾ വെയ്ക്കാൻ ഉപയോഗിക്കുന്നവയാണ് തെരികകൾ.

അതുപോലെ ശവത്തൊട്ടി എന്ന് ചരിത്രഗവേഷകർ വിളിക്കുന്ന മൺപാത്രവും ചുണ്ടുള്ള കോപ്പ എന്ന പാത്രവും കണ്ടെത്തി. ശവത്തൊട്ടിയിലും ചുണ്ടുള്ള കോപ്പയിലും 3000 വർഷത്തോളം പഴക്കമുള്ള അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്.

അടുത്തകാലത്ത് കേരളത്തിൽ കണ്ടെത്തിയ മഹാശിലായുഗ ശേഷിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും അപൂർവവുവുമാണ് ചെമ്പൊട്ടിക്കുന്നിലേത് എന്ന് ചരിത്രഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ മറ്റ് അഞ്ച് സ്ഥലങ്ങളിൽ മാത്രമേ കുടക്കല്ലുകളിൽനിന്ന് അസ്ഥികൾ കണ്ടെത്തിയിട്ടുള്ളൂ. അതുപോലെ ഇത്രയും വലിപ്പവും പൂർത്തീകരണവുമുള്ള കുടക്കല്ലുകൾ മറ്റെവിടെയുമില്ല. ചെമ്പൊട്ടിക്കുന്നിലെ ശിലായുഗ ശേഷിപ്പുകളുടെ പഠനറിപ്പോർട്ട് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് പുരാവസ്‌തു വകുപ്പ്.