വ്യാജരേഖകളുണ്ടാക്കി കെട്ടിടനമ്പർ നേടി

കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെയും ഉടമയ്ക്കെതിരെയും മേയർ പരാതി നൽകി
കണ്ണൂർ :വ്യാജരേഖകൾ സമർപ്പിച്ച് കെട്ടിടനമ്പർ നേടിയ ഉടമയ്ക്കെതിരെയും വിശദപരിശോധന നടത്താതെ നമ്പർ അനുവദിച്ച കണ്ണൂർ കോർപ്പറേഷൻ റവന്യൂ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് മേയർ പി. ഇന്ദിര കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ വിജയഭരത് റെഡ്ഡിക്ക് പരാതി നൽകി.
കോർപ്പറേഷന്റെ പള്ളിക്കുന്ന് സോണലിലാണ് കെട്ടിട പെർമിറ്റ് അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തിയത്. കെട്ടിടനമ്പർ ലഭിക്കുന്നതിനായി കെട്ടിടപെർമിറ്റും താമസാനുമതി സർട്ടിഫിക്കറ്റുമാണ് വ്യാജമായി തയ്യാറാക്കിയത്. ഇതിനുപുറമെ അസിസ്റ്റന്റ് എൻജിനീയറുടെയും ഓവർസിയറുടെയും ഡിജിറ്റൽ ഒപ്പും ഫയൽ നമ്പറും വ്യാജമായി സൃഷ്ടിച്ചതായിരുന്നു. പയ്യാമ്പലത്തിന് സമീപം നിർമിച്ച കെട്ടിടത്തിനാണ് വ്യാജരേഖകൾ സമർപ്പിച്ച് നമ്പർ സംഘടിപ്പിച്ചത്.
ചാലാട് സ്വദേശിയാണ് കെട്ടിട ഉടമയെന്നാണ് രേഖകളിലുള്ളത്. ഇവിടെ റസ്റ്ററന്റ് തുടങ്ങുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരിശോധനയ്ക്കെത്തിയ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് പെർമിറ്റ് അനുവദിച്ചതിൽ സംശയം തോന്നിയത്. തുടർന്ന് പള്ളിക്കുന്ന് സോണലിലെ എൻജിനിയറിങ് വിഭാഗത്തിന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിർമാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും താമസാനുമതി സർട്ടിഫിക്കറ്റും കെട്ടിടത്തിന് അനുവദിച്ചിട്ടില്ലെന്ന് വ്യക്തമായത്.
തുടർന്ന് കെ-സ്മാർട്ട് സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്ന കോർപ്പറേഷൻ ടെക്‌നിക്കൽ വിഭാഗമായ ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തി. കെട്ടിടത്തിന്റെ പെർമിറ്റ്, താമസാനുമതി, നിർമാണം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം വ്യാജമാണെന്ന് ലൈസൻസിയുടെ പേരും രജിസ്റ്റർ നമ്പറും ഉൾപ്പെടെ വ്യാജമാണെന്നും വ്യക്തമായി. കെട്ടിടത്തിന്റെ പെർമിറ്റ് നമ്പർ കൊല്ലം ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ അനുവദിച്ചതാണ്. കെട്ടിട പെർമിറ്റിലെ ഫയൽ നമ്പർ കോഴിക്കോട് കോർപ്പറേഷനിലെ വിവരാവകാശ അപേക്ഷയുടേതുമാണ്. താമസാനുമതി സർട്ടിഫിക്കറ്റിൽ കാണിച്ച ഫയൽ നമ്പർ ആലപ്പുഴയിൽ അനുവദിച്ചതാണ്.
സർട്ടിഫിക്കറ്റിലെ ക്യൂ.ആർ.കോഡ് കണ്ണൂർ കോർപ്പറേഷനിലെ മറ്റൊരു കെട്ടിടത്തിന്റെയും താമസാനുമതി നമ്പർ കീഴ്പറമ്പ് പഞ്ചായത്തിലേതുമാണെന്നും കണ്ടെത്തി. കെട്ടിടത്തിന്റെ അളവിലും കൃത്രിമം കാണിച്ചിട്ടുണ്ട്. രേഖകളിലെ പേര് ഉൾപ്പെടെ വ്യാജമാണ്. വ്യാജരേഖകൾ ഹാജരാക്കിയിട്ടും വിശദ പരിശോധന നടത്താതെ കെട്ടിടനമ്പർ അനുവദിച്ച റവന്യൂവിഭാഗം ഉദ്യോഗസ്ഥർക്കെതിരെയാണ് മേയർ ചൊവ്വാഴ്ച പരാതി നൽകിയത്.
റവന്യൂവിഭാഗം ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകാൻ മേയർ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.