മാലിന്യമുക്ത കാമ്പസായി കടന്നപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ

പെരുമ്പടവ് : മാലിന്യമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം കൈവരിച്ച കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സീറോ വേസ്റ്റ് കാമ്പസായി പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദവും ശുചിത്വപൂർണവുമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങൾക്കും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനും പ്രാധാന്യം നൽകി
ജൈവമാലിന്യങ്ങൾ, അജൈവമാലിന്യങ്ങൾ, ദ്രവമാലിന്യങ്ങൾ എന്നിവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനൊപ്പം മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു. ബീക്കൺ ടൌൺന്റെ ബെയ്സ് ലൈൻ സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്തിന് നൽകുകയും ചെയ്തു. ജില്ലാ ശുചിത്വ മിഷന്റെ നിർദേശത്തോടെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ സീറോ വേസ്റ്റ് ഓഡിറ്റ് റിപ്പോർട്ട് കണ്ണൂർ ജില്ലാപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രന് കൈമാറി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. .പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ, പ്രഥമാധ്യാപിക പി. എം. അനിത. തുടങ്ങിയവർ പങ്കെടുത്തു.