വെമ്പുഴത്തോടിന്റെ തകർന്ന സംരക്ഷണഭിത്തിയിൽ വീണ്ടും ഓട്ടയടക്കൽ

ഇരിട്ടി : സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ മലയോര ഹൈവേയിലെ വെമ്പുഴത്തോടിന്റെ സംരക്ഷണഭിത്തിയിൽ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമാണെന്ന ആരോപണം ശക്തമാകുന്നു. തകർച്ചയ്ക്കു കാരണമായ നിർമാണത്തിലെ അപാകങ്ങൾ പരിഹരിക്കാതെ ഓട്ടയടക്കൽ മാത്രമാണ് നടത്തുന്നതെന്നും ഭിത്തിയുടെ അടിത്തറയുൾപ്പെടെ പുനർനിർമിച്ച് ബലപ്പെടുത്താതെ നടത്തുന്ന പ്രവൃത്തി എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
83.17 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മലയോര ഹൈവേയുടെ ഭാഗമായാണ് വെമ്പുഴയിൽ സംരക്ഷണഭിത്തി നിർമിച്ചത്. കരിക്കോട്ടക്കരി എടൂർ മലയോര ഹൈവേയിൽ പുഴയോരത്തെ ഭിത്തി നിർമിച്ച് മാസങ്ങൾ കഴിയുന്നതിനു മുൻപാണ് അടിത്തറയിൽ തകർച്ച നേരിട്ടത്. ഇത് ഗതാഗത സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന ആശങ്ക ഉയർന്നതോടെയാണ് അറ്റകുറ്റപ്പണി നടത്താൻ ആരംഭിച്ചത്.
സംരക്ഷണഭിത്തിയിൽ ആദ്യം തകർച്ചയുണ്ടായപ്പോൾ തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയപ്പോഴും കരിങ്കല്ലുകൾ കുത്തിനിറച്ച് വിടവുകൾ അടയ്ക്കുന്ന രീതിയാണ് സ്വീകരിച്ചതെന്നാണ് ആരോപണം. എന്നാൽ, ആ ഭാഗത്തുതന്നെ വീണ്ടും തകർച്ചയുണ്ടായി. തകർച്ചയുടെ യഥാർഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതിനു പകരം തകർന്ന ഭാഗം മാത്രം പുനഃസ്ഥാപിക്കുന്ന രീതിയാണ് ആവർത്തിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.
പുഴയിലെ വെള്ളത്തിന്റെ ഒഴുക്കും സമ്മർദവും താങ്ങാൻ കഴിയുന്ന വിധത്തിൽ അടിത്തറയുൾപ്പെടെ പുനർനിർമിച്ച് കരിങ്കല്ലുകൾ ശാസ്ത്രീയമായി അടുക്കി ഉറപ്പിച്ചാൽ മാത്രമേ ഭിത്തിയുടെ നിലനിൽപ് ഉറപ്പാക്കാനാകൂ. മഴ മാറിയതോടെ പുഴയുടെ ഗതിമാറ്റിയാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്. ഇത്രയും അനുകൂലമായ സാഹചര്യം ലഭിച്ചിട്ടും തകർന്ന ഭാഗം മാത്രം നന്നാക്കി പ്രവൃത്തി അവസാനിപ്പിക്കുകയാണെങ്കിൽ ഭിത്തിയുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ അവശേഷിക്കും. തകർച്ച ആവർത്തിച്ചിട്ടും അതിനു കാരണമായ അപാകങ്ങൾ പരിഹരിക്കാതെ അറ്റകുറ്റപ്പണി നടത്തുന്നത് ഗുണനിലവാര പരിശോധനയെയും നിർമാണത്തിന്റെ മേൽനോട്ടത്തെയും സംബന്ധിച്ച ചോദ്യങ്ങളുയർത്തുകയാണ്. ആവശ്യമായാൽ പ്രവൃത്തി പുനഃക്രമീകരിച്ച് അടിത്തറയുൾപ്പെടെ ബലപ്പെടുത്തണമെന്നും പുനർനിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം പരിശോധന നടത്തുകയും വേണമെന്ന ആവശ്യം ശക്തമാണ്.