ഡബിൾ ചേംബർ ഇൻസിനറേറ്റർ; ആശങ്കയൊഴിയാതെ പുത്തൂർകുന്ന്

പരിയാരം : സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ പുത്തൂർകുന്ന് പ്രദേശത്ത് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കയിൽ.
ഖരമാലിന്യ സംസ്കരണത്തിനായുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ശാസ്ത്രീയമായ സംവിധാനമാണ് ഡബിൾ ചേംബർ ഇൻസിനറേറ്റർ. കിടപ്പു രോഗികളുടെ ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ സംസ്കരിക്കുകയാണ് ലക്ഷ്യം. ജനവാസ മേഖലയിൽ സ്ഥാപിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പരിസരവാസികൾ.
എൺപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് പുത്തൂർകുന്ന്. ഔഷധിയുടെ വിശാലമായ സ്ഥലത്തോട് ചേർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ഗവ. ആയുർവേദ കോളേജ്, മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ, വിദ്യാർഥികളുടെ ഹോസ്റ്റലുകൾ, ക്വാര്ട്ടേഴ്സുകൾ, സെയ്ന്റ് സേവ്യർ ചർച്ച്, നൂറിലധികം കുട്ടികൾ താമസിച്ച് പഠിക്കുന്ന മതപഠന കേന്ദ്രം തുടങ്ങിയവയും മേഖലയിലുണ്ട്.
പെരിങ്ങോം വയക്കര, ചെറുപുഴ തുടങ്ങിയ ഇടങ്ങളിൽനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പ വഴിയാണ് പദ്ധതി പ്രദേശത്തിനോട് ചേർന്ന റോഡ്.
ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് മുന്നോടിയായി പാരിസ്ഥിതിക പഠനങ്ങളോ അന്വേഷണങ്ങളോ നടന്നതായി നാട്ടുകാർക്കറിയില്ല. പദ്ധതിയുടെ പ്രാരംഭ നടപടി എം. വിജിൻ എം.എൽ.എ. ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. ജനകീയ കർമ്മസമിതി രൂപവത്കരിച്ച് ജനപ്രതിനിധികൾക്കും കളക്ടർക്കും നിവേദനം നല്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.