ജി.വി. രാജ പുരസ്കാരം നേടിയ അനൂപ് ജോസഫിന് ആദരം

എടൂർ : സംസ്ഥാന സർക്കാരിന്റെ മികച്ച കായിക പരിശീലകനുള്ള ജി.വി. രാജ അവാർഡ് നേടിയ അനൂപ് ജോസഫ് ചിറ്റേട്ടിന്‌ ജന്മനാട്ടിൽ ആദരം. അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ലോങ് ജംപ് റെക്കോഡ് തകർത്ത ആൻസി സോജന്റെ കോച്ചും ഒളിംപ്യൻ ടിന്റുലൂക്കയുടെ ഭർത്താവുമാണ് എടൂർ സ്വദേശി അനൂപ് ജോസഫ്. അഞ്ചാം വയസ്സിൽ കായികരംഗത്ത് ഇറങ്ങിയ അനൂപ് നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ജി.വി. രാജ പുരസ്കാരം നേടിയശേഷം ആദ്യമായി സ്വന്തംനാട്ടിൽ എത്തിയ അനൂപിന്‌ അഭിനന്ദനവും ആദരവും നേർന്ന്‌ നിരവധിപേർ എത്തി. മന്ത്രി സണ്ണി ജോസഫ് അഭിനന്ദനം അറിയിച്ചു. എടൂർ സെയ്ന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയത്തിൽ ഇടവകയുടെ ആദരം വികാരി ഫാ. തോമസ് വടക്കേമുറിയിൽ കൈമാറി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ബോവിൻ ബിനോ പുളിയാനാപ്പള്ളിയിൽ, ഫാ. റോബിൻസ് പുന്നക്കുഴിയിൽ എന്നിവർ നേതൃത്വംനൽകി.

എളമ്പ ജ്യോതി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി നടത്തിയ അനുമോദനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഷാളണിയിച്ച്‌ ഉപഹാരം കൈമാറി. സ്ഥിരംസമിതി അംഗം ബോബി എണ്ണച്ചേരിൽ മുഖ്യാതിഥിയായി. അനൂപിന്റെ ഭാര്യയും ഒളിംപ്യനുമായ ടിൻറു ലൂക്ക, ക്ലബ് പ്രസിഡൻറ്‌ പി.കെ. അനന്തൻ, എ.കെ. രവി, മാത്യു ചിറ്റേട്ട്, സി.എം. ജോർജ്, വിപിൻ തോമസ്, ജോസഫ് ചിറ്റേട്ട്, കെ. രാജു, സി.എം. സെബാസ്റ്റ്യൻ, ചന്ദ്രവല്ലി, സൗമ്യ, അജിത സുനിൽ, വാസു, ക്ലബ് സെക്രട്ടറി എ.കെ. രാജു എന്നിവർ സംസാരിച്ചു.