പരാതിപറഞ്ഞ്‌ മടുത്തു; ആനയെ തടയാൻ നാട്ടുകാർ വേലികെട്ടി

ഇരിട്ടി : നട്ടുനനച്ച് ഉണ്ടാക്കിയതെല്ലാം കൺമുന്നിൽ കാട്ടാനക്കൂട്ടം തിന്നുതീർക്കുമ്പോൾ ആറളം പഞ്ചായത്തിലെ പറമ്പത്തെക്കണ്ടി, പെരുമ്പഴശ്ശി നിവാസികൾ അധികൃതർക്കുമുന്നിൽ പരാതികളും പരിഭവങ്ങളും നിരത്തുന്നത് പതിവായിരുന്നു. ദുരിതത്തിനൊരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പ്രതീക്ഷ അസ്ഥാനത്തായതോടെ നാട്ടുകാരെല്ലം ഒന്നിച്ചിറങ്ങി ആനയെ തടയാനുള്ള വഴി ആലോചിച്ചു. അങ്ങനെ അവരെല്ലാം ചേർന്ന് ഒന്നരക്കിലോമീറ്റർ നീളത്തിൽ വൈദ്യുതിവേലി കെട്ടി. ആറളം ഫാമിൽനിന്ന് പുഴകടന്ന് ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ ചെറുക്കാനാണ് പുഴയോരത്ത് സൗരോർജവേലിയൊരുക്കിയത്.

മാസത്തിൽ രണ്ടും മൂന്നും തവണ കാട്ടാനയെത്തുന്ന ഇവിടെ വ്യാപക നാശമാണുണ്ടാവാറ്. കർഷകർക്കുണ്ടായ നാശനഷ്ടം കാണാനെത്തിയ പഞ്ചായത്ത് ജനപ്രതിനിധികളാണ് ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്. പ്രദേശവാസികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ നേതൃത്വത്തിലാണ് വിളിച്ചുചേർത്തത്. വനം വകുപ്പും സഹായിച്ചതോടെ രണ്ട് മാസത്തിനുള്ളിൽ വേലിനിർമാണം പൂർത്തിയായി.

പറമ്പത്തെക്കണ്ടി മുതൽ പെരുമ്പഴശ്ശി കാപ്പുംകടവുവരെയുള്ള പുഴയോരത്താണ് വൈദ്യുതിവേലി സ്ഥാപിച്ചത്. ആഴ്ചകളോളം നാട്ടുകാരുടെയും പരിസരവാസികളുടെയും സഹകരണത്തോടെ പുഴയോരത്തെ കാടുകൾ വെട്ടിത്തെളിക്കുകയും പാഴ്‌മരങ്ങൾ നീക്കംചെയ്യുകയുംചെയ്തു. ശേഷമാണ് വേലി സ്ഥാപിച്ചത്. വനം വകുപ്പും രണ്ടാഴ്ചയോളം വേലി പൂർത്തീകരണത്തിനായി നാട്ടുകാർക്കൊപ്പം കൂടി.

നിർമാണത്തിനാവശ്യമായ സാമഗ്രികൾ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ നേതൃത്വത്തിൽ അംഗങ്ങളായ രജിത മാവില, സുമാ ദിനേശൻ, റെഹിയാനത്ത് സുബി, ജിമ്മിന്തിനാട്ട്, ഷിജി നടുപ്പറമ്പിൽ, ഫോറസ്റ്റർ അശോകൻ, ജോഷി പാലമറ്റം, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ചേർന്നാണ് വേലി ചാർജ് ചെയ്തത്.