കവിയൂർ ബണ്ട് പാർക്ക് വീണ്ടും സജീവമാകും

ചൊക്ളി : ദിനംപ്രതി വിവിധ പ്രദേശങ്ങളിൽനിന്ന് വിനോദസഞ്ചാരികളെത്തുന്ന കവിയൂർ ബണ്ട് പാർക്ക് സംരക്ഷണത്തിന് ചൊക്ളി പഞ്ചായത്ത് മുൻകെെയെടുക്കുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ താത്പര്യമെടുത്ത് കഫ്റ്റീരിയ ഉൾപ്പെടെ സ്ഥാപിച്ചതോടെ സഞ്ചാരികൾ വരാൻ തുടങ്ങിയിരുന്നു. പാർക്ക് ഉണർന്നതോടെ ഈ മേഖല ആകർഷകമായെങ്കിലും തുടർ പരിപാലനം ഇല്ലാതായതോടെ നാശോന്മുഖമായി. ഇതു സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയതോടെ പഞ്ചായത്ത് ഇടപെടുകയായിരുന്നു.പരിപാലന ചുമതല പഞ്ചായത്തിന് കൈമാറണമെന്ന് ഡി.ടി.പി.സി.യോട് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാന്ധിജയന്തി ദിനത്തിൽ ബണ്ട് പാർക്ക് റോഡും പരിസരവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. വൈസ് പ്രസിഡന്റ് കെ.എം. സപ്ന ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ പുരുഷു വരക്കൂൽ, ഒ.കെ.സാദിഖ്, കെ. വിനി, കെ. റിജിന എന്നിവർ നേതൃത്വം നൽകി.

​2026-27 വർഷത്തെ പഞ്ചായത്ത് വാർഷികപദ്ധതിയിലെ പരിപാലന വിഹിതം ഉപയോഗിച്ച് റോഡ് നവീകരണം നടത്താനുള്ള അംഗീകാരം ലഭിച്ചതോടെ പാർക്കിന്റെ ശോച്യാവസ്ഥയ്ക്ക് താത്കാലിക പരിഹാരവുമാകും. പരിപാലന ചുമതല പഞ്ചായത്തിന് കൈമാറാൻ ഡി.ടി.പി.സി. തീരുമാനിച്ചാൽ പാർക്കിനെ കൂടുതൽ ആകർഷകമാക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.ബണ്ട് പാർക്കിനോട് ചേർന്ന് തോടിനരികിലായി നടപ്പാതയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.

ന്യൂമാഹിയിൽനിന്ന് കവിയൂരിലേക്കും കരിയാട്ടേക്കും പോകുന്ന സമാന്തര റോഡുകളെ ബന്ധിപ്പിച്ച് കണ്ടൽപ്പാടങ്ങൾക്ക് കുറുകെ കവിയൂരിൽ ഇരുവശവും നടപ്പാതയും കൽത്തൂണും ഗ്രിൽ വേലിയുമൊരുക്കി മനോഹരമാക്കിയ പാർക്കാണ് ഇപ്പോൾ നാശോന്മുഖമായിരിക്കുന്നത്. സഞ്ചാരികൾക്കായി ഒരുക്കിയ ഇരിപ്പിടവും ഷെൽട്ടറുകളുമെല്ലാം കാടുകയറിയ നിലയിലായി.​