അവഗണനയുടെ അങ്ങേയരികിലാണ് തലവിൽ-ലഡാക്ക്-അതിരുകുന്ന് റോഡ്

പെരുമ്പടവ് : പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ തലവിൽ-ലഡാക്ക്- അതിരുകുന്ന് റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു. വിദ്യാർഥികളും രോഗികളും വയോജനങ്ങളും ഉൾപ്പെടെ ദിവസേന ഈ പാതയെ ആശ്രയിക്കുന്നവർ കടുത്ത യാത്രക്ലേശമാണ് നേരിടുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡിന് 3.2 കിലോമീറ്റർ നീളമുണ്ട്. അതിൽ ഏകദേശം 1.9 കിലോമീറ്റർ ഭാഗത്ത് 2010-ൽ പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരം പ്രവൃത്തി നടത്തിയിരുന്നു. രണ്ട് പ്രധാന പൊതുമരാമത്ത് റോഡുകളെ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്നുണ്ട്.
റോഡരികിലെ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിങ് സെന്ററിലെത്തുന്നവരും റോഡിന്റെ ദുരവസ്ഥമൂലം ബുദ്ധിമുട്ടുകയാണ്. അപകടങ്ങളെ അതിജീവിച്ചവർ, നട്ടെല്ലിന് ക്ഷതമേറ്റവർ, പാരാപ്ലീജിയ ബാധിതർ, പക്ഷാഘാതത്തെ അതിജീവിച്ചവർ, ചക്രക്കസേര ഉപയോക്താക്കൾ തുടങ്ങിയവർക്ക് സൗജന്യ ചികിത്സയും താമസവും പുനരധിവാസവും തൊഴിൽപരിശീലനവും നൽകുന്ന കേന്ദ്രമാണിത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഇവർക്കുംകുടുംബാംഗങ്ങൾക്കും തകർന്ന റോഡിലൂടെയുള്ള യാത്ര വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തിൽ, നടപടിയാവശ്യപ്പെട്ട് റോഡ് വികസന ആക്ഷൻ കമ്മിറ്റി ചെയർമാൻ കായക്കൂൽ മമ്മുവിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളായ ജോജി ആനിത്തോട്ടം, എം.പി.ഗോപി, കമ്മിറ്റി അംഗങ്ങളായ ഫാ. ബിനു പൈമ്പിള്ളിൽ, എം.എം.മൈക്കിൾ, എം.സി.ഫിലിപ്പ്, കെ.പി.കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്ന് ടി.കെ.ഗോവിന്ദൻ എം.എൽ.എ.ക്ക് നിവേദനം നൽകി.
സമഗ്രവികസനം യാഥാർഥ്യമാകുന്നതുവരെ നിലവിലെ ദുരവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി ടാറിടണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. റോഡ് വികസനത്തിന് അധിക സ്ഥലം ആവശ്യമെങ്കിൽ സൗജന്യമായി വിട്ടുനൽകാൻ ഭൂവുടമകൾ സന്നദ്ധരാണെന്നും ആക്ഷൻ കമ്മിറ്റി അറിയിച്ചു.