മംഗലശ്ശേരി ജലോത്സവം ഇന്ന്; ഓളപ്പരപ്പിൽ ആവേശം നിറയും

തളിപ്പറമ്പ് : കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ പട്ടുവം മംഗലശ്ശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന മലബാർ ജലോത്സവം ഞായറാഴ്ച നടക്കും. കുപ്പം-മംഗലശ്ശേരി പുഴയിലാണ് ഉത്തരമേഖല വള്ളംകളി മത്സരങ്ങൾ അടക്കമുള്ള ജലകേളികൾ അരങ്ങേറുക.
ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്. ജലോത്സവത്തിന്റെ ഭാഗമായുള്ള ജലകേളികൾ ഉച്ചയ്ക്ക് ഒന്നുതൽ ആരംഭിക്കും. ഫ്ലൈ ബോർഡ്, കയാക്കിങ്, വിവിധ ജലകായികവിനോദങ്ങൾ തുടങ്ങിയവ ഉണ്ടാകും. ബോട്ടിൽ സഞ്ചരിച്ചുള്ള ശിങ്കാരിമേളം, കഥകളി തുടങ്ങിയ കലാപരിപാടികൾ ഉണ്ടാകും.
മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ. അധ്യക്ഷനാകും. സിനിമാതാരങ്ങൾ അടക്കമുള്ളവർ പങ്കെടുക്കും. വള്ളംകളിയിൽ ചുരുളൻവള്ളങ്ങളുടെ മത്സരമാണ് നടക്കുക.
ആദ്യ ഹീറ്റ്സിൽ 34 മത്സരങ്ങൾ ഉണ്ടാകും. ആറ് ട്രാക്കിലായിരിക്കും മത്സരം. നവോദയ ക്ലബിന് മുന്നിലെ ഫിനിഷിങ് പോയിന്റിലേക്ക് 930 മീറ്റർ ദൂരെനിന്നാണ് മത്സരം ആരംഭിക്കുക.
കൂടാതെ വനിതകളുടെ ആറ് ടീമുകളും മത്സരത്തിനിറങ്ങും. വൈകീട്ട് ആറുവരെയാണ് മത്സരങ്ങൾ.
വിപുലമായ ഒരുക്കം
:ജലോത്സവനഗരിയിൽ ഇരുന്നൂറോളം വൊളന്റിയർമാരുടെ സേവനം ഉണ്ടാകും. ദേശീയപാതയിൽനിന്ന് കുപ്പം-മുതുകുട റോഡുവഴിയും തളിപ്പറമ്പ് ടൗണിൽനിന്ന് പട്ടുവം റോഡുവഴിയും മംഗലശ്ശേരിയിൽ എത്താം. ജനത്തിരക്ക് കണക്കിലെടുത്ത് കുപ്പംവഴി വരുന്ന വാഹനങ്ങൾക്ക് ചാലത്തൂർവരെയും പട്ടുവം റോഡുവഴി വരുന്ന വാഹനങ്ങൾക്ക് ജലോത്സവനഗരിയിൽനിന്ന് ഒരുകിലോമീറ്റർ ദൂരെവരെയും മാത്രമേ പ്രവേശനം ഉണ്ടാകു.
ഇരുറോഡുകളിലും ഇരുപതോളം സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളസൗകര്യം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം, ആരോഗ്യസുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ട്.