ദേശീയപാതയുടെ സർവീസ് റോഡിൽ മാലിന്യക്കൂമ്പാരം

ചാല : ദേശീയപാതയുടെ സർവീസ് റോഡിൽ ചാലമുതൽ നടാൽവരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് തുടരുന്നു.

റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും വിജനമായ അന്തരീക്ഷവും മാലിന്യം വലിച്ചെറിയാൻ കാരണമാണ്. വീടുകളിൽനിന്നുള്ള പഴയ കിടക്കകൾ, തെർമോകോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, തലയിണകൾ, തെങ്ങിന്റെയും മറ്റും വേരുകൾ എന്നിവ യഥേഷ്ടം ഇവിടെ തള്ളുന്നു. ഇതുകൂടാതെ ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെടുന്നുണ്ട്. മഴവെള്ളത്തിൽ നനഞ്ഞ് ചീഞ്ഞളിയുന്ന ഈ മാലിന്യങ്ങൾ രൂക്ഷമായ ദുർഗന്ധമാണ് പരത്തുന്നത്.

​ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ആസ്പത്രികൾ പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി ധാരാളം യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ മൂക്കുപൊത്തിയാണ് ഈവഴി നടന്നുപോകുന്നത്.

കക്കൂസ് മാലിന്യവും വ്യാപകം

മാലിന്യം തള്ളുന്നതിന് പുറമെ കക്കൂസ് മാലിന്യം റോഡരികിൽ ഒഴുക്കുന്നതും ഇവിടെ പതിവായിട്ടുണ്ട്. ബൈപ്പാസ് റോഡിൽ പ്രവേശിക്കുന്ന ഭാഗത്തെ റോഡരികിലെ കുഴിയിലാണ് സ്ഥിരമായി കക്കൂസ് മാലിന്യം ഒഴുക്കുന്നത്. ഈ മാലിന്യങ്ങളെല്ലാം ഒലിച്ചിറങ്ങി ചാലത്തോട്ടിലേക്കാണ് എത്തുന്നത്. ഇത് കാരണം കർഷകർക്ക് കൃഷി ആവശ്യങ്ങൾക്ക് പോലും തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പല ദിവസങ്ങളിലും പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടാറുണ്ട്. ​കോർപ്പറേഷൻ, ചെമ്പിലോട് പഞ്ചായത്ത് എന്നിവയുടെ അതിർത്തികളിലായി വരുന്ന പ്രദേശമാണിത്. സമൂഹവിരുദ്ധരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ അധികാരികൾ കർശനനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.