മെക്കാഡം ടാറിട്ട റോഡുണ്ട്; ഇനിയെങ്കിലും ബസ് വരണം

ചെറുപുഴ : കണ്ണൂർ-കാസർകോട് ജില്ലകളുടെ പ്രവേശനകവാടമായ പുളിങ്ങോം ടൗണിനെയും കാസർകോട് ജില്ലയിലെ പ്രധാന ടൗണുകളായ ചിറ്റാരിക്കാലിനെയും ബന്ധിപ്പിച്ച് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് കാൽനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് ജില്ലകളിലാണെങ്കിലും മലയോരത്തെ രണ്ട് പ്രമുഖടൗണുകൾ തമ്മിൽ വാണിജ്യ-സാമൂഹിക ബന്ധം ഏറെയുണ്ട്.
മലഞ്ചരക്ക് വ്യാപാരത്തിന് പേരുകേട്ട ടൗണുകളാണ് ചിറ്റാരിക്കാൽ, പാലാവയൽ, പുളിങ്ങോം എന്നിവ. പണ്ടുമുതലേ ആളുകൾ കാർഷികവിഭവങ്ങളുടെ വിപണനത്തിനായി ഈ ടൗണുകളെയാണ് ആശ്രയിക്കുന്നത്. കാസർകോട് ജില്ലയിലെ പാലാവയൽ, തയ്യേനി, ഓടക്കൊല്ലി, ചാവറഗിരി, നിരത്തുംതട്ട്, തോട്ടയംചാൽ, കാവുന്തല പ്രദേശങ്ങളിൽനിന്ന് ആളുകൾക്ക് തളിപ്പറമ്പ്, കണ്ണൂർ ഭാഗങ്ങളിലേക്ക് എത്തണമെങ്കിൽ പുളിങ്ങോം വഴിയാണ് എളുപ്പം.
കാര്യങ്കോട് പുഴയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങൾ തമ്മിൽ സാമൂഹികബന്ധവും ഏറെയാണ്. പ്രമുഖ തീർഥാടനകേന്ദ്രമായ പുളിങ്ങോം മഖാം, പാലാവയൽ സെയ്ൻറ് ജോൺസ് പള്ളി, തോമാപുരം സെയ്ന്റ് തോമസ് ഫെറോന പള്ളി, പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേക്കും ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്.
വിദ്യാർഥികൾക്ക് പ്രയോജനകരം
വിദ്യാഭ്യാസ ആവശ്യത്തിനും ഒട്ടനവധി വിദ്യാർഥികൾ രണ്ട് ഭാഗത്തേക്കും ദിവസേന യാത്രചെയ്യുന്നു. കാസർകോട് ജില്ലയിലെ പാലാവയൽ സെയ്ന്റ് ജോൺസ് ഹൈസ്കൂൾ, ചിറ്റാരിക്കാൽ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പുളിങ്ങോം ഭാഗത്തുനിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതുപോലെ പുളിങ്ങോം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആർക്ക് എയ്ഞ്ചൽസ് സ്കൂൾ എന്നിവിടങ്ങളിൽ പാലാവയൽഭാഗത്തുനിന്നുള്ള വിദ്യാർഥികളും പഠിക്കുന്നുണ്ട്.
ബസുണ്ടായിരുന്നു
35 വർഷം മുൻപ് രണ്ട് സ്വകാര്യബസുകളും ഒരു കെ.എസ്.ആർ.ടി.സി. ബസും ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. പിന്നീട് അത് നിലയ്ക്കുകയായിരുന്നു. മൂന്നുവർഷം മുൻപ് പാലാവയൽ-ഓടക്കൊല്ലി റോഡ് വീതികൂട്ടി നവീകരിച്ച് മെക്കാഡം ടാറിങ് നടത്തിയിരുന്നു.
അന്നുമുതൽ വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളുമൊക്കെ ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെടുന്നതാണ്. ഇനിയും താമസിക്കാതെ ബസ് സർവീസ് അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.