കാടുകയറി ഇരിട്ടി- എടക്കാനം റോഡ്

ഇരിട്ടി : ഇരിട്ടി- എടക്കാനം റോഡരികിൽ കാഴ്ച മറച്ചും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതം വിതച്ചും റോഡിലേക്ക് പടർന്നു കയറിയ കാടുകൾ ഉണ്ടാക്കുന്നത് വലിയ ഭീഷണി. ഇരിട്ടിയിൽ നിന്നും ആരംഭിച്ച് നേരംപോക്ക്, കീഴൂർ, വളള്യാട്, ചെറുവോട്, എടക്കാനം ചേളത്തൂർ വഴി പഴശ്ശി പദ്ധതിയിലേക്കുള്ള റോഡിന്റെ ഇരുവശവും കാട് മൂടിക്കിടക്കുകയാണ്. റോഡിന്റെ ഒരു ഭാഗം പുഴയോരമായതിനാൽ കാലാകാലമായി കാടുകൾ വെട്ടിമാറ്റുന്നില്ല. കുറച്ചുഭാഗം പഴശ്ശി പദ്ധതിയുടെ ബഫർസോൺ മേഖലയായതിനാൽ ഈ ഭാഗവും കാടുകയറി കിടക്കുകയാണ്. കുറെ വർഷമായി ഇവിടങ്ങളിലെ കാടുകൾ വെട്ടി മാറ്റുന്നില്ല. റോഡിന്റെ അരിക് വശം കാണാത്ത വിധം കാട് മൂടികിടക്കുന്നതിനാൽ ഇരുഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങൾ വരുമ്പോൾ കാൽ നടയാത്രക്കാരാണ് ദുരിതത്തിലാകുന്നത്.

ഇരിട്ടി, കീഴൂർ, നേരം പോക്ക് ,വളള്യാട്, എടക്കാനം പഴശ്ശി പദ്ധതി വരെയുള്ള പ്രധാന ഭാഗങ്ങളിലെല്ലാം കാടിന്റെ ഒരുഭാഗം റോഡിലേക്കാണ്. കാട് വളർന്നു നിൽക്കുന്നത് കൊണ്ട് റോഡിന്റെ വീതി കുറയുകയും വളവുകളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുമാണുള്ളത്. ഇത് നിത്യേനയെന്നോണം ചെറിയ അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിയിൽ പറയുന്നു. തെരുവ് വിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ രാത്രി കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കുട്ടികളും പ്രായമായവരും ഇതുമൂലം കടുത്ത ഭീതിയിലാണ്. നിരവധി ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് നിരവധി പേരാണ് കാൽനടയാത്രയ്ക്കായി റോഡിനെ ഉപയോഗിക്കുന്നത്. എടക്കാനം കോളനി മുതൽ പഴശ്ശി പദ്ധതി വരെയുള്ള മൂന്ന് കിലോമീറ്ററോളം റോഡ് പൂർണ്ണമായും തകർന്ന് കാൽ നടയാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്.

നാട്ടുകാർ നിവേദനം നൽകി

റോഡരികിലെ കാടും പടർപ്പും വെട്ടിമാറ്റി യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ, നഗരസഭാ സെക്രട്ടറി, എന്നിവർക്കും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും എം.പി. മനോഹരന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പരാതി നൽകി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് അടിയന്തിരമായി വെട്ടിത്തെളിച്ച് യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.