പഴയങ്ങാടി റെയിൽവേ അടിപ്പാതാനിർമാണം പ്രാരംഭ പ്രവൃത്തി തുടങ്ങി

പഴയങ്ങാടി : റെയിൽവേ അടിപ്പാത നിർമാണം യാഥാർഥ്യത്തിലേക്ക്. നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. എം. വിജിൻ എം.എൽ.എ. സ്ഥലത്തെത്തി നിർമാണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ പ്രതിനിധി പ്രസീതും എം.എൽ.എയോടൊപ്പം ഉണ്ടായി.
പഴയങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വിവിധ ഘട്ടങ്ങളിലായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഭാഗമായാണ് നിലവിലുള്ള അടിപ്പാതയ്ക്ക് സമാന്തരമായി പുതിയ അടിപ്പാത നിർമിക്കാൻ മുൻ സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചത്.
നിലവിലുള്ള അടിപ്പാതയ്ക്ക് സമീപം ആറു മീറ്റർ വീതിയിലാണ് പുതിയ അടിപ്പാത നിർമിക്കുന്നത്. ഇതോടൊപ്പം അപ്രോച്ച് റോഡിന്റെ ഉപരിതല നവീകരണം, കോൺക്രീറ്റ് ഡ്രെയിനുകളുടെ നിർമാണം, വെള്ളം സമീപത്തെ ഡ്രെയിനേജ് സംവിധാനത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള ക്രോസ് ഡ്രെയിനുകൾ, ബ്രെയിൻ സ്ലാബ് തുടങ്ങിയ അനുബന്ധ പ്രവൃത്തികളും നടപ്പാക്കും. ഈ പ്രവൃത്തികളുടെ ടെൻഡർ ഇരിക്കൂർ കൺസ്ട്രക്ഷൻ ഏറ്റെടുത്തിട്ടുണ്ട്. അടിപ്പാത നിർമാണത്തോടൊപ്പം അനുബന്ധ പ്രവൃത്തികളും ആരംഭിക്കും.
സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി പഴയങ്ങാടിയിലെ ജനങ്ങൾ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും എം.എൽ.എ. പറഞ്ഞു.