കൂത്ത് കാത്ത് ആറരപ്പതിറ്റാണ്ട്; തിമിരി കൂത്തമ്പലം നാശത്തിലേക്ക്

#ജിതേഷ് കൈപ്രത്ത്

പെരുമ്പടവ്: പുരാതനവും പ്രശസ്തവുമായ തിമിരി ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള കൂത്തമ്പലം നാശത്തിന്റെ വക്കിൽ. കളിവിളക്കിന്റെ പ്രൗഢമായ തിരി തെളിഞ്ഞിടം ഇന്ന് അവഗണനയുടെ കരിന്തിരിയിലാണ്.

മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രസിദ്ധമായ തിമിരി ശിവക്ഷേത്രത്തിലെ കൂത്തമ്പലത്തിന് 600 വർഷത്തിലേറെ പഴക്കമുണ്ട്. ക്ഷേത്രവും കൂത്തമ്പലവും ഒരു മതിൽക്കെട്ടിനുള്ളിലാണ്.

വടക്കേ മലബാറിൽ കരിവെള്ളൂരിൽ കൂത്തുപറയൽ ചടങ്ങ് നിലനിൽക്കുന്നുണ്ടെങ്കിലും കൂത്തമ്പലമുള്ള അപൂർവ ക്ഷേത്രമാണ് തിമിരി ശിവക്ഷേത്രം. ചെമ്പുമേഞ്ഞ വട്ടത്തളികയോടു കൂടിയ കൂത്തമ്പലം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. 1962 വരെ ഇവിടെ കൂത്തും പാഠകവും നടന്നതായി രേഖകളുണ്ട്. തിമിരി ജന്മിയായിരുന്ന കുമിഴി പുളുക്കൂൽ ചാത്തുക്കുട്ടി നായരുടെ നേതൃത്വത്തിലാണ് അവസാനമായി കൂത്ത് നടന്നത്. അരങ്ങും തറയും മിഴാവും സ്മാരകം പോലെ നിൽക്കുന്ന അവസ്ഥയിലാണ്.

സവിശേഷമായ വാസ്തുവിദ്യകളാലും കൊത്തുപണികളാലും പൂർണമായും മരത്തിൽ തീർത്ത കൂത്തമ്പലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പല ഭാഗവും ചിതലരിച്ചു. പുതിയ കൂത്തമ്പലം നിർമിക്കാൻ രണ്ടുകോടിയിലധികം രൂപ ചെലവുവരും. ചരിത്രപ്രാധാന്യമുള്ള കൂത്തമ്പലത്തെക്കുറിച്ച് പഠിക്കാൻ ചരിത്രകാരൻ കെ.കെ.എൻ. കുറുപ്പും സംഘവും സെപ്റ്റംബറിൽ ക്ഷേത്രം സന്ദർശിച്ചിരുന്നു. വിഷയത്തിൽ പഠനറിപ്പോർട്ട് തയ്യാറാക്കാൻ കോഴിക്കോട് എൻ.ഐ.ടി.യിലെ എൻജിനിയറിങ് വിദ്യാർഥികളെ ഏർപ്പാടാക്കുകയും ചെയ്തു. തീർഥാടക ടൂറിസം സർക്യൂട്ടിൽ തിമിരി ശിവക്ഷേത്രവും കൂത്തമ്പലവും ഉൾപ്പെടുത്താൻ നിരവധി തവണ ഉന്നതാധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ജോൺ ബ്രിട്ടാസ് എം.പി., സജീവ് ജോസഫ് എം.എൽ.എ. എന്നിവർ കൂത്തമ്പലം സന്ദർശിക്കുകയും ചെയ്തിരുന്നു. 2006-ൽ കെ.സി. വേണുഗോപാൽ മന്ത്രിയായിരുന്ന സമയത്ത് ടൂറിസം വകുപ്പിൽനിന്ന് നാലുലക്ഷം രൂപ അനുവദിച്ച് താത്കാലിക അറ്റകുറ്റപ്പണി ചെയ്തിരുന്നു.

കൂത്തമ്പലം പുനരുദ്ധരിക്കാൻ കേന്ദ്ര പൈതൃക സംരക്ഷണ ഫണ്ടിൽനിന്ന് തുക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവിടെ കൂത്ത്, പാഠകം, കഥകളി തുടങ്ങിയ ക്ഷേത്രകലകൾക്ക് പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകണമെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് ആവശ്യപ്പെട്ടിരുന്നുഡോ. എം.ടി. നാരായണനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.