തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു

പെരുമ്പടവ് : ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. 15 വേദികളിലായി 102 സ്കൂളിൽ നിന്നും 4700 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന സമാപന ചടങ്ങ് ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷനായി. സംഘാടകസമിതി ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ എം.പി. അഹമ്മദ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫസീല ഷംസീർ, സ്കൂൾ മാനേജർ എം.അസൈനാർ ഹാജി, മുഖ്യാധ്യാപകൻ കെ.വി. മുസ്തഫ, തളിപ്പറമ്പ് നോർത്ത് ഉപജില്ല എ.ഇ.ഒ. കെ. മനോജ്, എ. പ്രേംജി തുടങ്ങിയവർ സംസാരിച്ചു.

ഹയർസെക്കൻഡറി വിഭാഗത്തിൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി.