ഗവേഷണ വികസനം: പദ്ധതി അവലോകനയോഗം നടന്നു

കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഗവേഷണപദ്ധതിയായ ഹബ്–സ്പോക്ക് സംബന്ധിച്ച അവലോകനയോഗം നടന്നു. ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയതലത്തിലെ ഗവേഷണശൃംഖലയുമായുള്ള സഹകരണം വിപുലീകരിക്കുന്നതിനും ഗവേഷണമേഖലയിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ആരോഗ്യ-മെഡിക്കൽ സാങ്കേതികവിദ്യാരംഗത്ത് നൂതനഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുക, സുസ്ഥിര ആരോഗ്യസംരക്ഷണത്തിനായി ശാസ്ത്രീയപരിഹാരങ്ങൾ കണ്ടെത്തുക, ദേശീയ പ്രാധാന്യമുള്ള ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഗവേഷണ പദ്ധതികളുടെ പുരോഗതി, അടിസ്ഥാനസൗകര്യങ്ങളുടെ ഉപയോഗം, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, ഭാവിപ്രവർത്തനപദ്ധതികൾ എന്നിവ യോഗത്തിൽ വിലയിരുത്തി. കണ്ണൂർ സർവകലാശാലയിലെ സ്പോക്ക് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. അനൂപ്കുമാർ കേശവന്റെ നേതൃത്വത്തിൽ ആറ് ഗവേഷണപദ്ധതികളാണ് നടപ്പാക്കുന്നത്.
യോഗത്തിന് വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു നേതൃത്വം നൽകി. പ്രൊഫ. ബ്രഹ്മാനന്ദം മനവതി, പ്രൊഫ. സിബ കെ. ഉഡ്ഗത, പ്രൊഫ. സമ്രത് എൽ. സബത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.