ഉളിക്കൽ ടൗണിലെ സൗന്ദര്യവത്‌കരണം പാതിവഴിയിൽ

ഉളിക്കൽ : ഉളിക്കൽ ടൗൺ സൗന്ദര്യവത്കരണം പ്രവൃത്തി തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും പാതിവഴിയിൽ. നുച്യാട് റോഡ് മുതൽ അറബി ജങ്ഷൻ വരെയുള്ള മലയോര ഹൈവേയുടെ അരികിൽ മോടിപിടിപ്പിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 70 ലക്ഷം രൂപ അനുവദിച്ചിരുന്നു.

റോഡരികിൽ ഇരുമ്പ് ഹാൻഡ് റെയിൽ പിടിപ്പിക്കുന്ന പ്രവൃത്തിയും ടൈൽ പാകിയുള്ള നടപ്പാത നിർമാണവും പൂർത്തിയായിട്ടില്ല. വൈദ്യുതവിളക്കുകളുടെ പ്രവൃത്തിയും പൂർത്തിയാക്കിയില്ല. മാട്ടറ റോഡിലെ നടപ്പാതയിൽ കാട് വളർന്നുകിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. ഇരിട്ടി-ഉളിക്കൽ റോഡ് വികസനത്തിന് വേണ്ടി ചേർന്ന സർവകക്ഷിയോഗത്തിൽ ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തിയിൽ ഒട്ടേറെ അപാകം വ്യാപാരികൾ ഉന്നയിച്ചിരുന്നു. നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബിന് ഉയരക്കൂടുതലായതിനാൽ റോഡിൽനിന്ന് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കയറാൻ വിഷമമാണ്. വ്യാപാരികൾ കല്ലും മറ്റും വെച്ച് പകരം സംവിധാനമൊരുക്കിയാണ് താത്കാലിക പരിഹാരം കണ്ടിരിക്കുന്നത്. വൈദ്യുത്തൂണുകൾ റോഡിരികിൽ സ്ഥാപിച്ചത് റോഡിന് വീതി കുറയാൻ കാരണമായിട്ടുണ്ടെന്ന് വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും കുറ്റപ്പെടുത്തി.