കണ്ണപുരത്ത് മെക്കാഡം ടാറിങ്ങിന് നിലവാരത്തകർച്ച

ചെറുകുന്ന് : കോടിക്കണക്കിന് രൂപ ചെലവഴിച്ച് മെക്കാഡം ടാറിങ് നടന്നുകൊണ്ടിരിക്കുന്ന പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കണ്ണപുരം ഭാഗത്തെ റോഡ് ദിവസങ്ങൾക്കകം തകർന്നടിഞ്ഞ നിലയിൽ. ടാറിങ് നടത്തിയ ഭാഗങ്ങളിൽനിന്ന് മെറ്റലും കല്ലുകളും ഇളകിമാറി റോഡ് ശോചനീയാവസ്ഥയിലായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. 18 കോടി രൂപ ചെലവഴിച്ചു നടത്തുന്ന പദ്ധതിയിലാണ് ഇത്തരത്തിൽ ഗുരുതര നിർമാണപ്പിഴവും അഴിമതിയും ആരോപിക്കപ്പെടുന്നത്.

റോഡ് പണി പൂർത്തിയായി ചുരുങ്ങിയ സമയത്തിനകം തന്നെ കല്ലുകൾ ഇളകി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി മാറി. വിഷയത്തിൽ എം. വിജിൻ എം.എൽ.എ. അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കൃത്യവിലോപം കാട്ടിയ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് സംബന്ധിച്ച് വിജിലൻസ് പരിശോധന വേണമെന്ന് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ ആവശ്യപ്പെട്ടു.