ക്യാമറ ഒടിഞ്ഞുതൂങ്ങി; നിരീക്ഷണം പാളി

കണ്ണൂർ : നഗരത്തിൽ പലയിടത്തും ക്യാമറാനിരീക്ഷണം കാര്യക്ഷമമായി നടക്കുന്നില്ല. ചിലയിടത്ത് ക്യാമറകൾ ഒടിഞ്ഞുതൂങ്ങി. മറ്റിടങ്ങളിലാകട്ടെ, സ്ഥാപിച്ച പല ക്യാമറകളുടെയും പൊടിപോലുമില്ല.
ബി.എസ്.എൻ.എൽ. സർക്കിളിലെ ഒരു നിരീക്ഷണ ക്യാമറ ഒടിഞ്ഞുതൂങ്ങിയിട്ട് ഒരു മാസത്തോളമായി. താവക്കരയിലേക്കുവരുന്ന വാഹനങ്ങൾ കാണാനുള്ള ക്യാമറയാണ് തൂങ്ങിക്കിടക്കുന്നത്. ഇതോടെ അപകടസാധ്യതകൂടിയ ഇവിടം നിരീക്ഷിക്കാൻ സംവിധാനമില്ല. ടൗൺ പേലീസ് സ്റ്റേഷൻ ഭാഗത്തേക്കുമാത്രമാണ് ഇപ്പോൾ ക്യാമാറയുള്ളത്.
ഗാന്ധിസർക്കിളിലും ഒരു ക്യാമറ മാത്രമാണുള്ളത്. സർക്കിളിൽനിന്ന് താലൂക്ക് ഓഫീസ് പരിസരം കാണാൻ സ്ഥാപിച്ച ക്യാമറ മുൻപ് പൊട്ടിത്തൂങ്ങിയിരുന്നു. പിന്നീട് ക്യാമറ എടുത്തുമാറ്റി. ഇപ്പോൾ അവിടെ ദിശാസൂചിക വെച്ചിരിക്കുന്നു. ഇതോടെ കാൾടെക്സ് ഭാഗത്തേക്കുമാത്രമാണ് നിരീക്ഷണ ക്യാമറയുള്ളത്. തളിപ്പറമ്പ് ഭാഗത്തേക്കുള്ള ക്യാമറയും ഇപ്പോൾ കാണാനില്ല. കളക്ടറേറ്റ് ഭാഗത്തേക്കുവെച്ചിരിക്കുന്ന ക്യാമറയുടെ തൊട്ടുതാഴെ പരസ്യബോർഡ് വെച്ചിരിക്കുന്നതോടെ ക്യാമറയുടെ കാഴ്ച മറയുമോയെന്ന സംശയവും നാട്ടുകാർക്കുണ്ട്.
ഒടിഞ്ഞുതൂങ്ങിയ ക്യാമറ പോലീസിന്റേതല്ലെന്ന് അവരും കോർപ്പറേഷന്റേതല്ലെന്ന് കോർപ്പറേഷൻ അധികൃതരും പറഞ്ഞു. നഗരസഭാ മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കാനാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കോർപ്പറേഷന്റേതായി രണ്ടുകൊല്ലം മുൻപ് സ്ഥാപിച്ച 90 ക്യാമറകളുണ്ട്. അതിനും മുൻപ് സ്ഥാപിച്ച 30 എണ്ണവുമുണ്ടെന്നാണ് കോർപ്പറേഷൻ അധികൃതർ പറഞ്ഞത്. 30 എണ്ണത്തിലെ കുറച്ച് ക്യാമറകൾ സൗന്ദര്യവത്കരണം നടത്തിയപ്പോൾ കേബിൾ മുറിഞ്ഞതിനെ തുടർന്ന് പ്രവർത്തിക്കുന്നില്ല.
കളക്ടറേറ്റ് പരിസരം, കോർപ്പറേഷൻ പരിസരം തുടങ്ങി പലയിടത്തും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള തൂണുകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ, ഇവയെിലൊക്കെ പരസ്യമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒപ്പം കേബിളുകളും വലിച്ചിരിക്കുന്നു.
ടൗൺ പോലീസിന്റെ നേതൃത്വത്തിൽ 175 ക്യാമറകളാണ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ചിട്ടുള്ളത്.