യാത്ര അപകടഭീഷണിയിൽ

മുടയരിഞ്ഞിയിൽ റോഡ് വീണ്ടും പുഴയിലേക്ക് ഇടിയുന്നു

ഇരിട്ടി : അയ്യൻകുന്നിലെ മുടയരിഞ്ഞിയിൽ റോഡ് പുഴയിലേക്ക് ഇടിയുന്നത് അപകടഭീഷണിയുയർത്തുന്നു. ഇടിച്ചിൽ രൂക്ഷമായിട്ടും സുരക്ഷാനടപടികളോ ശാശ്വത പരിഹാരമോ ഉണ്ടായിട്ടില്ല. വള്ളിത്തോട്-ആനപ്പന്തിക്കവല-മുടയരിഞ്ഞി-ചരൾപുല്ലൻ പാറതട്ട് റോഡിലാണ് മണ്ണ് ഇടയുന്നത്. രണ്ട് വർഷം മുൻപാണ് റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായത്.

രണ്ടരവർഷം പിന്നിട്ടിട്ടും പരിഹാര നടപടികൾ ഫലം കണ്ടിട്ടില്ല. മണ്ണിടിച്ചിൽ കൂടുതൽ വ്യാപിക്കുകയും റോഡിന്റെ അരികുവരെ മണ്ണ് ഇടിയുകയും ചെയ്തിട്ടുണ്ട്. റോഡിൽനിന്ന് 30 അടി താഴ്ചയിലാണ് പുഴ. നേരത്തേ റോഡ് ഇടിഞ്ഞ ഭാഗത്ത് അരക്കോടിയോളം രൂപ ചെലവഴിച്ച് കൂറ്റൻ പാർശ്വഭിത്തി നിർമിച്ചിരുന്നു. ഇതിന് സമീപത്താണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്. മഴ ശക്തമാകുന്നതോടെ റോഡിന്റെ കൂടുതൽ ഭാഗം തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് മണ്ണിടിച്ചിൽ നടക്കുന്നത്. അപകടസാധ്യത അറിയിക്കാൻ നാട്ടുകാർ ചുവന്ന റിബൺ കെട്ടിയിട്ടുണ്ട്. നാലു വർഷം മുൻപ് 5.4 കോടി രൂപ ചെലവഴിച്ച് മെക്കാഡം ടാറിങ് നടത്തിയ 5.8 കിലോമീറ്റർ റോഡാണിത്. 3.8 മീറ്ററായിരുന്ന വീതി 5.5 മീറ്ററായി വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, റോഡിന്റെ മുഴുവൻ നീളത്തിലും കോൺക്രീറ്റ് ഓവുചാൽ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല.

എസ്റ്റിമേറ്റിൽ ആവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഓവുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകി പുഴയിലേക്ക് പതിക്കുകയാണ്. ഇത് റോഡിന്റെ അരികുകൾ ഇടിയുന്നതിനും മണ്ണൊലിപ്പിനും കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നിർമാണ സമയത്ത് ചൂണ്ടിക്കാട്ടിയ പ്രശ്‌നം പിന്നീട് അപകടസാധ്യതയായി മാറിയിട്ടും പരിഹാരമുണ്ടായില്ല. റോഡിന്റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി സംരക്ഷണഭിത്തിയും ശാസ്ത്രീയമായ നീർച്ചാൽ സംവിധാനവും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.