പഴയങ്ങാടി പാലം വേഗത്തിൽ പൂർത്തിയാക്കും

പഴയങ്ങാടി : പഴയങ്ങാടി-കുപ്പം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് എം.വിജിൻ എം.എൽ.എ. പാലത്തിന്റെ നിർമാണം എം.എൽ.എ. സന്ദർശിച്ച് വിലയിരുത്തി.
പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്ടി.പി. റോഡിൽ നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ 18.51 കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചത്. തൃശ്ശൂരിലെ കേരള എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറുടെയും കെ.ആർ.എഫ്.ബി. എൻജിനീയർമാരുടെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം കഴിഞ്ഞദിവസം പുഴയിൽ സർവേ നടത്തി. പരിശോധനാ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മധ്യഭാഗത്തെ സ്പാനിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ. പറഞ്ഞു.
പുഴയിൽ മണ്ണിടാതെയും ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെയും ഉൾനാടൻ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകാതെയും പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള നിർമാണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചാരണങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണെന്നും എം.എൽ.എ. പറഞ്ഞു.