ഭരണഘടന നേരിടുന്ന വെല്ലുവിളി ചെറുതല്ല- കെ. മുരളീധരൻ

ഭരണഘടന സംരക്ഷണ ദിനാചരണം

കണ്ണൂർ : മറ്റു രാജ്യത്തുനിന്നും വ്യത്യസ്തമായി എല്ലാ മതങ്ങൾക്കും ഒരുപോലെ പരിഗണന നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. അതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം. എന്നാൽ, ഇന്ന് ആ ഭരണഘടന വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ. മുരളീധരൻ. ഭരണഘടനാദിനത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്രിമവോട്ടർമാരെ ചേർത്താണ് നരേന്ദ്രമോദി ജയിക്കുന്നത്. എസ്.ഐ.ആറിന്റെ മറവിൽ എത്ര വോട്ടർമാരെയാണ് ഇല്ലാതാക്കിയത്. കേരളത്തിൽപോലും ചില പ്രവർത്തനങ്ങൾ നടന്നു. യു.ഡി.എഫ്. കൂടുതൽ വോട്ട് നേടിയിട്ടും ബി.ജെ.പി.യുടെ മൂന്ന് അംഗങ്ങൾ ജയിച്ചു.

ഡൽഹിയിൽ രാഹുൽ ഗാന്ധിയോടൊപ്പം ചേർന്ന് സമരം ചെയ്യുക, കേരളത്തിൽ പാര വെക്കുക, അതാണ് സി.പി.എം. ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

യഥാർഥ വോട്ടർമാരെ വെട്ടി മോദിഭക്തന്മാരെ കയറ്റുന്ന വ്യക്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഭരണകക്ഷിക്ക് ഒരു നിയമം, പ്രതിപക്ഷത്തിന് ഒരു നിയമം എന്നതാണ് കേന്ദ്രത്തിൽ നടക്കുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരവുമായി കോൺഗ്രസ് മുന്നോട്ടുപോകും.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ നമുക്ക് വിശ്രമമില്ലെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷനായി. വി.എ. നാരായണൻ, ടി.ഒ. മോഹനൻ എം.എൽ.എ., പി.ടി. മാത്യു, സജ്ജീവ് മാറോളി, കെ.സി. മുഹമ്മദ് ഫൈസൽ, ഇ.ആർ. വിനോദ്, മുഹമ്മദ് ബ്ലാത്തൂർ, വി.വി. പുരുഷോത്തമൻ, എം.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.