സ്മൃതിപർവം അനുസ്മരണ പരിപാടി നടത്തി

ധർമശാല : മുംബൈ ഭീകരാക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ചതിന്റെ 18-ാം വാർഷികത്തിന്റെ ഭാഗമായി ടീം കണ്ണൂർ സോൾജിയേഴ്സ് സ്മൃതിപർവം അനുസ്മരണ പരിപാടി നടത്തി. പറശ്ശിനിക്കടവ് (തവളപ്പാറ) ടി.കെ.എസ്. ഓഫീസ് സമുച്ചയത്തിലായിരുന്നു ചടങ്ങ്. രാവിലെ യുദ്ധസ്മാരകത്തിൽ വീരസൈനികർക്ക് പുഷ്പചക്രം സമർപ്പിച്ച് മൗനപ്രാർഥന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.ആന്തൂർ നഗരസഭാ അധ്യക്ഷ വി. സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ’യിലെ ധീരസേവനത്തിന് കീർത്തിചക്ര ബഹുമതി നേടിയ സുബേദാർ വി. സതീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ അദ്ദേഹത്തെയും സഹധർമിണിയെയും വേദിയിൽ ആദരിച്ചു. സൈനികസേവനത്തിൽനിന്ന് വിരമിച്ച് നാട്ടിലെത്തിയ ടീം കണ്ണൂർ സോൾജിയേഴ്സ് മെമ്പർമാർക്കും ആദരവ് നൽകി.ടീം കണ്ണൂർ സോൾജിയേഴ്സ് പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷനായി. ആന്തൂർ നഗരസഭാ കൗൺസിലർ ടി.പി. രാജൻ,
പാതിരിയാട് ടി.കെ.എസ്. ട്രെയിനിങ് അക്കാദമി ഇൻ ചാർജ് അനീഷ് മഠത്തിൽ, കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എ.എൻ.ഒ. സജിത്ത് കുമാർ, ദിവേഷ് ഇടത്തിൽ എന്നിവർ സംസാരിച്ചു.
കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി. കെഡേറ്റുകളും ടീം കണ്ണൂർ സോൾജിയേഴ്സ് മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.