അഴീക്കലിലെ വലനിർമാണം ഉത്പാദനത്തിൽ മുന്നേറ്റം

അഴീക്കോട് : അഴീക്കലിലെ മത്സ്യഫെഡിന്റെ വലനിർമാണ ഫാക്ടറിയിൽ വൻ ഉത്പാദന മുന്നേറ്റം. നിർമിക്കുന്ന വലയ്ക്ക് ആവശ്യക്കാർ ഏറുകയും ചെയ്യുന്നു. 2024-25 വർഷം 232.54 ടൺ വല ഉത്പാദിപ്പിച്ച് 182.67 ലക്ഷം ലാഭമുണ്ടാക്കിയിരുന്നു 2025-26-ൽ ആറുമാസം കൊണ്ട് 242.48 ടൺ വല ഉത്പാദിപ്പിച്ച് 244.93 ലക്ഷം ലാഭം നേടാനായി. ഉത്പാദന വർധനയും ലാഭ വർധനയുമാണ് ഇത് കാണിക്കുന്നത്.

450 മെട്രിക് ടൺ വല ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2011-ലാണ് അഴിക്കൽ തീരത്ത് പ്രവർത്തനം ആരംഭിച്ചത്. മലബാറിലെ മത്സ്യത്തൊഴിലാളികൾ കൊച്ചിയിലെ നെറ്റ് ഫാക്ടറിയിൽനിന്നാണ് 10 വർഷം മുൻപുവരെ വലകൾ വാങ്ങിയിരുന്നത്. കൊച്ചിയിലും കണ്ണൂരിലുമുള്ള മത്സ്യമേഖലകൾക്ക് ഇവിടെ ഉത്പാദിപ്പിക്കുന്ന വല പരിമിതമായിരുന്നു.

ഇവിടേക്ക് നൈലോൺ നൂലുകൾ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാ യിരുന്നു ഇതുവരെ. ആലപ്പഴയിൽ യാൺ ട്വിസ്റ്റിങ് കമ്മിഷൻ ചെയ്തിട്ടുണ്ട്. കേരളത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന നൂൽകൊണ്ടുതന്നെ വല നിർമിക്കാനാകും.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന താങ്ങുവലയാണ് കൂടുതൽ ഉത്പാദിപ്പിക്കുന്നത്. ഇതിനാണ് ആവശ്യക്കാർ ഏറെയുള്ളത്. ഒഴുക്കുവലയും (തടിച്ച കണ്ണികൾ) ഉണ്ടാക്കുന്നുണ്ട്. അവ തെക്കൻ ജില്ലക്കാർക്കാണ് ആവശ്യം. ട്രോൾ നെറ്റും വലിയ ബോട്ടുകൾക്ക് കൊടുക്കുന്നുണ്ട്. കായികമേളകൾക്കായി എച്ച്.ഡി.ടി.ഇ. വല ഉണ്ടാക്കുന്നുണ്ട്. കടലിലും പുഴയിലുമുള്ള കൂട് മത്സ്യകൃഷിക്ക് ആവശ്യമായ കൂടുവലയ്ക്കും ഓർഡർ കിട്ടുന്നുണ്ട്. ഇവിടെനിന്ന് കളർചെയ്ത വലയും അയക്കുന്നുണ്ട്. കണ്ണൂർ, കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിലെ വ്യാസ സ്റ്റോർ വഴിയും വിൽക്കുന്നുണ്ട്.

തെക്കൻ ജില്ലകളിലെ അമ്പലപ്പുഴ, അർത്തുങ്കൽ എന്നിവയ്ക്കു പുറമെ മംഗളൂരു, നാഗർകോവിൽ എന്നീ ഭാഗങ്ങളിൽനിന്ന് ഓർഡറുകൾ കിട്ടിയിട്ടുണ്ട്. ഒരുമാസം 18,000 കിലോഗ്രാം വല ഉത്പാദിപ്പിക്കാനാകും. ഓർഡറുകൾ ഉള്ളതിനാൽ ചില ഞായറാ ഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

37 സ്ത്രീത്തൊഴിലാളികളടക്കം 116 പേർ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. എട്ടുമണിക്കൂർ വീതം മൂന്ന് ഷിഫ്റ്റുകളിലായി ഫാക്ടറി പ്രവർത്തിക്കുന്നു. രാവിലെ 8.30-നാണ് ഷിഫ്റ്റ് തുടങ്ങുന്നത്. കൊച്ചിൻ, അഴീക്കൽ എന്നിവയ്ക്ക് പുറമെ തിരുവനന്തപുരം മുട്ടത്തറയിലും വലനിർമാണ ഫാക്ടറി ആരംഭിച്ചിട്ടുണ്ട്. ഇടക്കാലത്ത് വലനിർമാണ ഫാക്ടറികൾ പ്രതിസന്ധിയിലായിരുന്നു. ടെൻഡർ നടപടി പൂർത്തീകരിക്കാനാകാതെ അസംസ്കൃത വസ്തുക്കൾ ലഭ്യമായിരുന്നില്ല. കൂടിയ വിലയ്ക്ക് സ്വകാര്യമേഖലയിൽനിന്ന് അവശ്യക്കാർ വല വാങ്ങിയിരുന്നു. ഭരണമാറ്റത്തോടെ ഈ മേഖലയിലെ പ്രതിസന്ധി ഒഴിവായിട്ടുണ്ട്. മാറിയ സർക്കാർ ഈ രംഗത്ത് ശ്രദ്ധവെച്ചതാണ് കാരണം.