കാടുകയറി ഉളിക്കൽ-കണിയാർവയൽ വഴിയോരങ്ങൾ

ബ്ലാത്തൂർ : ഉളിക്കൽ-കണിയാർവയൽ റോഡിൽ വഴിയോരങ്ങൾ കാടുമൂടി. വിദ്യാർഥികളടക്കം നിരവധിപേർ നടന്നുപോകുന്ന വഴിയാണിത്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എത്തിച്ച പൈപ്പുകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഭാഗികമായി പണികൾ നടക്കുന്നെങ്കിലും ബാക്കിയുള്ള സ്ഥലങ്ങൾ കാടായി മാറിയിരിക്കുന്നത്. പൈപ്പുകൾക്കിടയിലും പരിസരത്തും പുല്ലും കാടും വളർന്നതോടെ പ്രദേശം കാടുപിടിച്ച നിലയിലായി. പൈപ്പുകൾക്കിടയിലും കാടിനുള്ളിലും ഇഴജന്തുക്കൾ തമ്പടിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. രാവിലെയും വൈകിട്ടും കുട്ടികൾ നടന്നുപോകുന്ന സമയത്ത് കാടിനുള്ളിൽ നിന്ന് ഇഴജന്തുക്കൾ പുറത്തുവരാനുള്ള സാധ്യത രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. വഴിയോരത്തെ കാടുകൾ വെട്ടിത്തെളിക്കാതെയും പൈപ്പുകൾ പൂർണമായും മാറ്റാതെയും തുടരുന്ന സാഹചര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ ഭാഗമായെത്തിച്ച പൈപ്പുകൾ എത്രയും വേഗം ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുകയോ സുരക്ഷിതമായി മാറ്റിവയ്ക്കുകയോ ചെയ്യണം. അതിനേക്കാൾ പ്രാധാന്യത്തോടെ വഴിയോരത്തെ കാടുകൾ വെട്ടിത്തെളിച്ച് വിദ്യാർഥികൾക്കും മറ്റു കാൽനടയാത്രക്കാർക്കും സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.