പൊതുവാച്ചേരി- കോട്ടൂർ- കാടാച്ചിറ റോഡ് വികസനം അവസാനഘട്ടത്തിൽ

കാടാച്ചിറ : പൊതുവാച്ചേരി -കോട്ടൂർ-കാടാച്ചിറ റോഡ് വികസനം അവസാനഘട്ടത്തിലേക്ക്. മുൻ മുഖ്യമന്ത്രിയുടെ ഗ്രിഡ് പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നടത്തുന്നത്. കണ്ണൂർ സെക്ഷനിൽ 28-ഓളം റോഡുകളുടെ പ്രവൃത്തി നടക്കുന്നുണ്ട്. ആവശ്യമായ സ്ഥലത്ത് ഓടകൾ, കലുങ്കുകൾ നിർമിക്കുക, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഉയർത്തുക, റോഡ് റീ ടാർ ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് നടത്തുക. കടമ്പൂർ, പെരളശ്ശേരി പഞ്ചായത്തുകളിലൂടെ പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ അവസ്ഥയിലായിരുന്നു. പൊതുവാച്ചേരിയിൽ നിന്ന് കാടാച്ചിറയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. മൂന്ന് കിലോമീറ്റർ അധികം ഈ റോഡിന് ദൈർഘ്യമുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷകളും ചെറിയ വാഹനങ്ങളും ബുദ്ധിമുട്ടിയാണ് പോകുന്നത്. മുൻപ് കണ്ണൂർ ആസ്പത്രിയിൽ നിന്നും ചക്കരക്കല്ലിലേക്ക് ഇതിലൂടെ സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് സർവീസ് നിർത്തി. ഇപ്പോൾ നാട്ടുകാർക്ക് കണ്ണൂരിലെത്താനും ചക്കരക്കല്ലിൽ എത്താനും കാടാച്ചിറയിലോ പൊതുവച്ചേരിയിലോ പോകേണ്ടി വരുന്നു. ജനങ്ങളുടെ യാത്രാക്ലേശ പരിഹരിക്കാൻ ഇതിലൂടെ ഒരു കെ.എസ്.ആർ.ടി.സി. ബസ് വേണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുസ്ലിംലീഗ് ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.