തകർന്ന റോഡുകൾ: മണക്കടവ് മേഖലയിൽ യാത്ര ദുരിതം

മണക്കടവ് -ചീക്കാട് റോഡ് തകർന്ന നിലയിൽ
മണക്കടവ് -ചീക്കാട് റോഡ് തകർന്ന നിലയിൽ

മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ പ്രധാന ടൗണായ മണക്കടവിന്റെ സമീപ റോഡുകൾ തകർച്ചയിൽ. മണക്കടവ്-ചീക്കാട് റോഡ്, മണക്കടവ് -മാമ്പൊയിൽ റോഡ്, മണക്കടവ്-മൂരിക്കടവ് റോഡ് എന്നിവയാണ് തകർന്നുകിടക്കുന്നത്.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളാണിത്. പൊതുമരാമത്ത് വകുപ്പ് റോഡുകൾക്കുപുറമെ ഗ്രാമീണ റോഡുകളും തകർന്ന് കുണ്ടും കുഴിയുമായ നിലയിലാണ്. കല്ലുകൾ ചിതറിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.

കർണാടക വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ചീക്കാടും മാമ്പൊയിലും മൂരിക്കടവും.

ചീക്കാട് ഉണ്ണിമിശിഹാ തീർഥാടന ദേവാലയത്തിലും മഹാദേവി ക്ഷേത്രത്തിലേക്കും ദിനംപ്രതി നൂറുകണക്കിന് വിശ്വാസികൾ എത്താറുണ്ട്. ബസിലും സ്വന്തം വാഹനങ്ങളിലുമായി എത്തുന്നവരാണ് കൂടുതലും. തകർന്ന റോഡിലൂടെയുള്ള യാത്രയിൽ വലയുകയാണ് ഇവർ. വാഹനങ്ങൾക്ക് കേടുപാട് പറ്റി വഴിയിൽക്കിടക്കുന്നതും പതിവായിട്ടുണ്ട്.

കാലവർഷത്തിൽ

റോഡുകൾ തകർന്നു

ഈ വർഷം കനത്ത മഴയിൽ വലിയ നാശമുണ്ടായ പഞ്ചായത്തുകളിൽ ഒന്നാണ് ഉദയഗിരി. കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കോടികളുടെ നാശനഷ്ടമാണ് പഞ്ചായത്തിൽ ഉണ്ടായത്. ഉദയഗിരി താബോർ മേഖലയിലും മണക്കടവ് ഭാഗത്തും റോഡ് തകർച്ചയ്ക്ക് കാരണമായത് കനത്ത മഴയാണ്. മണക്കടവ്-മാമ്പൊയിൽ റോഡ് പൂർണമായും തകർന്നുകിടക്കുന്നു. ആദ്യ ടാറിങ്ങിനുശേഷം റോഡ് റീ ടാറ് ചെയ്തിട്ടില്ല. അറ്റകുറ്റപ്പണികളും നാമമാത്രമായാണ് നടക്കാറ്. മറ്റു റോഡുകളുടെ സ്ഥിതിയും ഇതുതന്നെ.

മഴ മാറിയിട്ടും റോഡുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

വന്യമൃഗങ്ങളും റോഡിൽ

പഞ്ചായത്തിൽ ഏറ്റവുംകൂടുതൽ വന്യമൃഗശല്യം അനുഭവിക്കുന്ന സ്ഥലങ്ങൾകൂടിയാണ് ചിക്കാട്, മാമ്പൊയിൽ പ്രദേശങ്ങൾ. ആനയൊഴികെയുള്ള ജീവികൾ പകൽസമയത്തും റോഡുകളിലും നാട്ടിൻപുറങ്ങളിലും എത്തുന്നുണ്ട്. രാത്രി ആനശല്യവും രൂക്ഷമാണ്. പന്നികളും മറ്റും റോഡ് മുറിച്ചോടുന്നത് സാധാരണമാണ്.

തകർന്ന റോഡുകൾകൂടി ആയതോടെ അപകടസാധ്യത കൂടിയതായി ആളുകൾ പരാതിപ്പെടുന്നു.

ബസുകളുടെ എണ്ണം കുറഞ്ഞു

നാട്ടുകാർക്ക് ഉപകാരപ്പെട്ടിരുന്ന നിരവധി ബസ് റൂട്ടുകൾ നിലവിൽ ഇല്ലാതായിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കുറയുകയും സർവീസ് നഷ്ടത്തിലാവുകയുംചെയ്തതാണ് കാരണം. കോവിഡിനെ തുടർന്ന് മണക്കടവ്, ചീക്കാട്, മൂരിക്കടവ്, മാമ്പൊയിൽ, വായിക്കമ്പ എന്നിവിടങ്ങളിലേക്കുള്ള ഒട്ടേറെ ബസുകൾ ഓട്ടം നിർത്തി. തകർന്ന റോഡുകൾകൂടി ആയതോടെ കൂടുതൽ സർവീസുകൾ ഇല്ലാതാവുമോ എന്ന ആശങ്കയും ഉണ്ട്. പ്രദേശത്തിന്റെ സാഹചര്യം കണക്കിലെടുത്ത് തകർന്ന റോഡുകൾ എത്രയുംവേഗം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Content Highlights: Commuters in Manakkadavu and nearby areas in Udayagiri face severe hardships due to heavily damaged roads and reduced bus services.