"കലാകാരന് സ്ഥിരവരുമാനം ആവശ്യമാണെന്ന്‌ കോവിഡ്കാലം നമ്മെ ചിന്തിപ്പിച്ചു"

#സ്വീറ്റി കാവ്‌
നന്ദുകൃഷ്ണന്‍ കുമാരനല്ലൂര്‍
നന്ദുകൃഷ്ണന്‍ കുമാരനല്ലൂര്‍

ക്ഷേത്രകലകളുടെ കേദാരമായ കേരളത്തില്‍ ആഗോളപ്രശസ്തി നേടിയ ഒട്ടനധി കലാരൂപങ്ങളും ഒട്ടനേകം കലാകാരന്‍മാരുമുണ്ട്. താളവും മേളവും ആട്ടവും ചമയവും അഭിനയവുമെല്ലാം കേരളീയ കലകള്‍ക്ക് ആവോളം ആരാധകരേയും നേടിക്കൊടുത്തു. ഒരോ കലാരൂപത്തിലും അഗ്രഗണ്യരായ നിരവധി കലാകാരന്‍മാര്‍ കേരളത്തിലുണ്ടെന്നുള്ളത് അഭിമാനമുണര്‍ത്തുന്ന സംഗതിയാണ്. എന്നാല്‍ ഒരു കലാരൂപത്തോട് മാത്രം തന്റെ ഇഷ്ടമൊതുക്കാതെ പലവിധ വാദ്യങ്ങള്‍ അഭ്യസിക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന നന്ദുകൃഷ്ണന്‍ എന്ന കലാകാരനെ വാദ്യമേളങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുപക്ഷെ പരിചയമുണ്ടാകും. താളങ്ങളോടും വാദ്യങ്ങളോടും ഉത്സവങ്ങളോടുമുള്ള  പ്രണയം കുമാരനല്ലൂര്‍കാരനായ നന്ദുകൃഷ്ണന് കുട്ടിക്കാലത്ത് തന്നെ തുടങ്ങിയിരുന്നു. നാലാം വയസ്സില്‍ പടയണിയോട് കമ്പം കയറിയ നന്ദുകൃഷ്ണന്‍ പിന്നീട് പടയണിയുടെ പിന്നണിപ്പാട്ടുകാരനായി. സംഗീതപഠനത്തിനിടെ ഘടം എന്ന വാദ്യോപകരണത്തോട് തോന്നിയ താത്പര്യം പില്‍ക്കാലത്ത് ഘടത്തില്‍ തായമ്പക എന്ന പരീക്ഷണത്തിലേക്ക് വരെ നന്ദുകൃഷ്ണനെ കൊണ്ടെത്തിച്ചു, അഭിനന്ദനങ്ങളും നേടി. ചെണ്ട, ഇടക്ക, മൃദംഗം...നന്ദുകൃഷ്ണന്‍ കൈവെക്കാത്ത വാദ്യോപകരണങ്ങള്‍ കുറവാണ്. പലതിന്റേയും ആദ്യപാഠങ്ങള്‍ സ്വയമഭ്യസിച്ചതും. ഇതിനിടെ കാണുന്ന മേളങ്ങളുടേയും കലാകാരന്‍മാരുടേയും ചിത്രങ്ങള്‍ പകര്‍ത്തി മികച്ച ഫോട്ടോഗ്രാഫറുമായിത്തീര്‍ന്നു. കലയോടുള്ള തന്റെ തീരാഇഷ്ടത്തെ കുറിച്ചും ഔദ്യോഗികജീവിതത്തിനിടയിലും കലയെ കൈവിടാതെ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. 

എന്താണ് തായമ്പക എന്ന കലാരൂപം / ചെണ്ടമേളവും തായമ്പകയും തമ്മിലുള്ള വ്യത്യാസം?

താളത്തില്‍ വക കൊട്ടുക, അഥവാ താളത്തില്‍ വകകള്‍ കൊട്ടി നിറയ്ക്കുക-അതാണ് തായമ്പക. നടുക്ക് നിന്ന് കൊട്ടുന്ന ചെണ്ടമേളക്കാരന് ചുറ്റുമുള്ള വലംതല, ഇടംതല, ഇലത്താളം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ താളം പകരുകയാണ് ചെയ്യുന്നത്. അതിലേക്ക് ചെണ്ടക്കാരന്‍ കൊട്ടി നിറയ്ക്കുകയാണ് ചെയ്യുന്നത്. ചെണ്ടമേളത്തെ തായമ്പകയില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ചെണ്ടമേളമെന്നത് ഒരു ഗ്രൂപ്പ് ഇവന്റാണ്. ഒരു ഗ്രൂപ്പ് ഇവന്റാണെങ്കിലും ഒരാളുടെ വ്യക്തിഗതമായ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം തായമ്പകയിലുണ്ട്. അതാണ് ചെണ്ടമേളവും തായമ്പകയും തമ്മിലുള്ള പ്രധാന വ്യത്യാസം. മനോധര്‍മപ്രധാനമായ ഒരു കലാരൂപമാണ് തായമ്പക. ചിട്ടപ്രധാനമാണ് മേളം. അവിടെ ഒരാളുടെ വ്യക്തിഗതമായ കഴിവ് പ്രദര്‍ശിപ്പിക്കുക സാധ്യമല്ല. എല്ലാവരും ഒരേ പോലെ ഒരേ കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യുകയാണ് മേളത്തില്‍. 

പൊതുവെ അപ്രധാന വാദ്യോപകരണമായി നോക്കിക്കാണുന്ന ഘടം അഭ്യസിക്കാന്‍ നന്ദുവിന് പ്രേരണയായത് എന്താണ്? ഘടത്തില്‍ നിന്ന് ചെണ്ടയിലേക്ക് പിന്നീട് താത്പര്യം നീങ്ങുകയും ചെയ്തുവല്ലോ

മുന്‍കാലങ്ങളില്‍ ഘടം അഭ്യസിക്കുക എന്നൊരു പതിവുണ്ടായിരുന്നില്ല എന്നാണ് കേട്ടുകേള്‍വിയുള്ളത്. മൃദംഗം വായിക്കാന്‍ പഠിക്കുന്നയാള്‍ ഘടവും വായിക്കും. മൃദംഗം ഒരു പക്കവാദ്യമാണെങ്കില്‍ ഘടം ഒരു ഉപപക്കവാദ്യമാണ്. മൃദംഗവാദകന്‍ വായിക്കുന്നതിനെ പിന്തുടരുക മാത്രമാണ് ഘടം വായിക്കുന്നയാള്‍ ചെയ്യുന്നത്. പ്രാധാന്യം മൃദംഗത്തിനാണ്. മൃദംഗം അഭ്യസിച്ച ശേഷമാണ് പലരും ഘടം വായിച്ചിരുന്നത്. പക്ഷെ തുടക്കം മുതല്‍ തന്നെ എനിക്ക് താത്പര്യം ഘടത്തിനോടായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ടേപ്പ് റിക്കോഡറുകളില്‍ കച്ചേരികളുടെ കാസറ്റുകളിട്ട് കേട്ട് വീട്ടിലെ ചെമ്പുകലത്തിലും മറ്റും താളമിട്ട് കൊട്ടുമായിരുന്നു. കയ്യൊക്കെ പൊട്ടുമായിരുന്നെങ്കിലും ഘടത്തിനോടുള്ള ഇഷ്ടത്തില്‍ കുറവുണ്ടായില്ല. ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഘടം പഠിപ്പിക്കാനെത്തിയ ഗുരുനാഥന്‍ മൃദംഗം പഠിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഘടം പഠിക്കണമെന്ന് നിര്‍ബന്ധത്തില്‍ ഉറച്ചു നിന്നു. അങ്ങനെ രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന ഘടം അഭ്യസനം ആരംഭിച്ചു. ഇക്കാലത്തിനിടെ കുറച്ച് പാഠകൈകളും ആവര്‍ത്തനങ്ങളും അഭ്യസിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

തെക്കന്‍ കേരളത്തില്‍ മേളത്തിന് പ്രാധാന്യം നല്‍കുന്ന ക്ഷേത്രങ്ങള്‍ അക്കാലത്ത് കുറവാണ്. മേളത്തിനൊക്കെ പ്രാധാന്യം വന്നു തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാല്‍ കുമാരനെല്ലൂര്‍ ക്ഷേത്രത്തില്‍ പണ്ടുമുതല്‍ക്കേ ഉത്സവത്തിന് കൊടിയേറിക്കഴിഞ്ഞാല്‍ മേളത്തിന് പ്രാധാന്യമുണ്ട്. ചെണ്ട എന്ന വാദ്യോപകരണത്തെ പരിചയപ്പെടാനുള്ള അവസരം അത്തരത്തില്‍ വന്നു ചേര്‍ന്നിരുന്നു. കൂടുതല്‍ കേള്‍ക്കാന്‍ അവസരം ലഭിച്ചതോടെ ചെണ്ടയോടും താത്പര്യമുണ്ടായി. ചെണ്ട ശാസ്ത്രീയമായി അഭ്യസിക്കണമെന്ന ആഗ്രഹമുണ്ടായി. ഏഴാം ക്ലാസ് കഴിഞ്ഞ സമയത്താണ് ചെണ്ട അഭ്യസിക്കാന്‍ ആരംഭിച്ചത്. 

ഈ രണ്ട് വാദ്യോപകരണങ്ങളും അഭ്യസിച്ചതാണോ ഘടത്തില്‍ തായമ്പക ചെയ്യാനുള്ള ധൈര്യം പകര്‍ന്നത്?

പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക പോലുള്ള കലകളിലെ വാദ്യപ്രയോഗങ്ങൾ കര്‍ണാടകസംഗീതവാദ്യങ്ങളായ മൃദംഗം, തകില്‍, ഗഞ്ചിറ, ഘടം തുടങ്ങിയവയില്‍ ഉപയോഗിക്കുന്നതായി കാണാറില്ല. മറിച്ച് കര്‍ണാടകസംഗീത വാദ്യങ്ങളുടെ സ്വാധീനം കേരളീയവാദ്യങ്ങളുടെ പ്രയോഗത്തില്‍ വന്നതായും കാണാം. ഉദാഹരണത്തിന് തായമ്പക, പഞ്ചവാദ്യം തുടങ്ങിയ കലകളില്‍ കര്‍ണാടകസംഗീതത്തിലെ കൊട്ടുവാദ്യങ്ങളുടെ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തായമ്പകയിലായാലും പഞ്ചവാദ്യത്തിലായാലും കര്‍ണാടകസംഗീതവാദ്യങ്ങളുടെ സ്വാധീനം ശക്തമാണ്. കര്‍ണാടകസംഗീതവാദ്യങ്ങളില്‍ കേരളീയവാദ്യങ്ങളുടെ പ്രയോഗങ്ങള്‍ സാധ്യമാകുന്ന ധാരാളം സ്ഥലങ്ങളുണ്ട്. കേരളീയവാദ്യങ്ങളുടെ സമ്പ്രദായങ്ങള്‍ എന്തുകൊണ്ടാണ് കര്‍ണാടകസംഗീതവാദ്യങ്ങളില്‍ ഉപയോഗിച്ചു കാണാത്തതെന്ന ചോദ്യം ഒരുപാട് കലാകാരന്‍മാരോട് ഉന്നയിച്ചെങ്കിലും പലവിധത്തിലുള്ള ഉത്തരമാണ് ലഭിച്ചത്. നമ്മുടെ വാദ്യത്തിന് വേണ്ട പ്രസക്തി കിട്ടുന്നില്ല എന്ന് ചിലര്‍ പറഞ്ഞു. നമ്മുടെ വാദ്യങ്ങളുടെ താളവൈവിധ്യമാണ് കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂട്ടിയാല്‍ കൂടില്ല, കുറച്ച് പ്രയാസമേറിയ സംഗതിയാണ് എന്ന് മറ്റു ചിലര്‍ പറഞ്ഞു. ചെണ്ടയിലെ പ്രയോഗങ്ങള്‍ അതുപോലെ ഘടത്തില്‍ ചെയ്തു നോക്കാണമെന്ന ആഗ്രഹം കലശലായതോടെ തായമ്പകയില്‍ ചെണ്ട ഒഴികെയുള്ള വാദ്യോപകരണങ്ങള്‍ നിലനിര്‍ത്തി ഘടത്തില്‍ തായമ്പക ചെയ്തുനോക്കി. ഒരു പരീക്ഷണമെന്ന നിലയിലാണ് അത് ചെയ്തത്. ധാരാളം പേര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് ചെയ്യണമെന്ന് പലരും പ്രോത്സാഹിപ്പിച്ചു. പക്ഷെ ചെണ്ടയില്‍ തന്നെയാണ് തായമ്പക കൊട്ടേണ്ടത് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. 

വിദ്യാഭ്യാസത്തോടൊപ്പമായിരുന്നല്ലോ കലാപഠനവും. വിദ്യാഭ്യാസവും കലാപഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ പ്രയാസമുണ്ടായിരുന്നോ?

മിക്ക കലാകാരന്‍മാരുടേയും വിദ്യാഭ്യാസകാലത്താണ് തന്നെയാണ് കലാപഠനവും നടത്തുന്നത്. സ്‌കൂള്‍ പഠനകാലത്താണ് എന്റെ കലാപഠനം ആരംഭിച്ചത്. ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. ഭാഗ്യം കൂടി തുണച്ചതിനാല്‍ നിരവധി തവണ ജില്ല, സംസ്ഥാനതലങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചു. തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം ഇവയിലൊക്കെ സമ്മാനം നേടാന്‍ സാധിച്ചു. കൂടാതെ പഠിച്ച സ്‌കൂളിലും കോളേജിലുമൊക്കെ അധ്യാപകരുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ ദിവസേനയുള്ള പത്യേകപരിശീലനത്തിനായി ഒരു ഗുരുവിനെ സ്‌കൂളില്‍ നിന്ന് ഏര്‍പ്പാട് ചെയ്ത് തന്നിരുന്നു. എല്ലാ വിധ സൗകര്യവും ലഭിച്ചതിനാല്‍ പഠനത്തോടൊപ്പം കലാപഠനവും കൊണ്ടുപോകാന്‍ സാധിച്ചു. അതിന് സഹായിച്ച അധ്യാപകരോടും ഒപ്പം നിന്ന അച്ഛനമ്മമാരോടും സുഹൃത്തുക്കളോടും ഏറെ കടപ്പാടുണ്ട്.

യുകെയിലെ പ്രമുഖ ഫോട്ടോഗ്രഫി കമ്യൂണിറ്റിയായ ഫോട്ടോക്രൗഡ് നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ നന്ദുകൃഷ്ണന്റെ ചിത്രം
 

ഒട്ടുമിക്ക പ്രാദേശിക കലാരൂപങ്ങളിലും നന്ദു തത്പരനാണല്ലോ. കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്ന് തോന്നിയത് ഏതു കലാരൂപമാണ് / പഠനം സാധ്യമായോ?

എല്ലാ തരത്തിലുള്ള കലാരൂപങ്ങളും ഇഷ്ടപ്പെടുന്നുണ്ട്. എങ്കിലും അനുഷ്ഠാനകലകളോടും ക്ലാസിക്കല്‍ കലകളോടുമാണ് കൂടുതല്‍ താത്പര്യം. അവയെ കുറിച്ച് കൂടുതലറിയാനും ശ്രമിക്കാറുണ്ട്. കഥകളി, പടയണി, മുടിയേറ്റ്, പൂരക്കളി, പരിചമുട്ടി കളി...തുടങ്ങി താളവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കലകളെ കുറിച്ചും കൂടുതലറിയാന്‍ ശ്രമിക്കാറുണ്ട്. പാട്ട്, കൊട്ട് എന്നിവ കൂടുതലുള്ളവയിലേക്ക് കൂടുതല്‍ താത്പര്യം തോന്നാറുണ്ട്. എങ്കിലും എല്ലാ കലാരൂപങ്ങളും ആസ്വദിക്കാറുണ്ട്. കൂടുതല്‍ ഡീറ്റെയ്ല്‍ഡ് ആയി പഠിക്കാന്‍ സാധിച്ചത് ചെണ്ടയാണ്. ഇരുപത് വര്‍ഷത്തിലധികമായി ചെണ്ട അഭ്യസിക്കുന്നു. മേളത്തില്‍ പങ്കെടുക്കാനും സാധിക്കുന്നു. ഇപ്പോഴും ചെണ്ടയിലെ പുതിയ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ആഗ്രഹിക്കുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു സംഗതിയോട് അതിയായ ഇഷ്ടമുണ്ടെങ്കില്‍ ഔദ്യോഗികത്തിരക്കുള്‍പ്പെടെയുള്ള തിരക്കുകള്‍ക്കിടയിലും നമ്മളതിനെ ചേര്‍ത്തു നിര്‍ത്തും. അതിനാല്‍ തന്നെ ബാങ്കിലെ ഉദ്യോഗത്തിരക്ക് എന്റെ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കാറില്ല, തിരിച്ചും. അവധി ദിവസങ്ങളിലോ ജോലി സമയം കഴിഞ്ഞോ പ്രോഗാമുകള്‍ക്കായി സമയം കണ്ടെത്താറുണ്ട്. 

സംഗീതസംവിധാനരംഗത്തും നന്ദു സാന്നിധ്യമറിയിച്ചു കഴിഞ്ഞല്ലോ. അതിനെ കുറിച്ച് പറയാമോ?

സംഗീതം ഡീപായി പഠിക്കാന്‍ സാധിച്ചില്ല. ചെറുപ്പകാലത്ത് കുറച്ച് നാള്‍ സംഗീതം അഭ്യസിച്ചെങ്കിലും ശബ്ദം മാറുന്ന സമയത്ത് അത് അഭ്യസനത്തെ ബാധിക്കുകയും പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വരികയും ചെയ്തു. വാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും സംഗീതം ധാരാളമായി കേള്‍ക്കുന്നതില്‍ നിന്നും കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതില്‍ നിന്നുമാണ് സംഗീതസംവിധാനത്തിനുള്ള ധൈര്യം ലഭിച്ചത്. മൂന്ന് നാല് ഗാനങ്ങള്‍ ഈണമിട്ടു. കേട്ടവരൊക്കെ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. 

ബാങ്കിലെ ഉദ്യോഗത്തിരക്കിനിടയില്‍ നന്ദുവിന്റെ കലാപ്രവര്‍ത്തനങ്ങള്‍ ഏതുവിധത്തിലാണ് മുന്നോട്ട് പോകുന്നത്? / സാമ്പത്തികഭദ്രതയ്ക്ക് ഒരു കലാകാരനെ രൂപപ്പെടുത്തുന്നതില്‍, നിലനിര്‍ത്തുന്നതില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ?

കല എനിക്കൊരു പാഷനാണ്. എനിക്കിതൊരു ജീവിതമാര്‍ഗമല്ല. കോവിഡ്കാലം വന്നപ്പോഴാണ് ഒരു ജോലിയുള്ളതിന്റെ ഒരു മൂല്യം തിരിച്ചറിയാനായത്. കല കൊണ്ട് ഉപജീവനം നടത്തുന്ന ഒരുപാട് വലിയ കലാകാരന്‍മാര്‍ കോവിഡ് കാലത്ത് ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് ഞാന്‍ കണ്ടു. എന്റെ സുഹൃത്തുക്കളും ബാധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. അവരുടെ വീടുകളിലുണ്ടായ ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാനിടയിട്ടുണ്ട്. ഒരു കലാകാരന്  സ്ഥിരവരുമാനം ആവശ്യമാണ്. ഉദാഹരണത്തിന് ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു കലാകാരന് കോവിഡ് കാലത്തും വരുമാനം ലഭിച്ചിരുന്നു. കലാകാരന്‍മാരുടെ സമൂഹം കൊറോണക്കാലത്ത് ഏറെ പ്രതിസന്ധിയിലായതു കൊണ്ട് മാത്രം അവര്‍ അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതത്വം തിരിച്ചറിയാന്‍ സഹായിച്ചു. കലാരംഗത്തെ സാധ്യതകള്‍ മാത്രം നോക്കിയല്ലാതെ കലയോടുള്ള ഇഷ്ടം കാരണം ഈ മേഖലയിലേക്ക് കടന്നുവരുന്ന ധാരാളം ആളുകളുണ്ട്. കലാകാരന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്തെന്നാല്‍ ആ തൊഴില്‍ ചെയ്യുന്ന സമയത്ത് മാത്രം അയാളെ കലാകാരനായി നോക്കിക്കാണുന്നു എന്നതാണ്. കല അവതരിപ്പിക്കാത്ത നേരത്ത് അയാള്‍ എന്താണ് എന്നൊരു ചോദ്യം അവിടെയുണ്ട്. കലാകാരന്‍ മാത്രമല്ല ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥിരവരുമാനമില്ലാത്ത എല്ലാവരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു എന്നത് യാഥാര്‍ഥ്യമാണ്. ഉത്സവങ്ങള്‍, സ്റ്റേജ് പ്രോഗ്രാമുകള്‍...എല്ലാം  കോവിഡ് കാലത്ത് മാറ്റി വെക്കാമെന്ന തീരുമാനത്തില്‍ നമ്മളെത്തിയെങ്കില്‍ ഈ പറഞ്ഞതൊക്കെ ഒഴിച്ചു കൂടാനാവാത്തതാണോ എന്നൊരു ചിന്തയിലേക്ക് നാം എത്തിക്കഴിഞ്ഞുവെന്ന് ഓര്‍ക്കേണ്ടിയിരിക്കുന്നു. 

ഭാര്യ ഗായത്രി, മക്കള്‍ ഭവിത, ഭരത് എന്നിവരോടൊപ്പം 

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോട്ടയം റീജണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് നന്ദുകൃഷ്ണന്‍. ബാങ്കുദ്യോഗസ്ഥനായിരുന്ന ഗോപിനാഥന്‍ നായരും ശ്രീലതാദേവിയുമാണ് മാതാപിതാക്കള്‍. ഭാര്യ ഗായത്രി മംഗളം എന്‍ജീനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. അഞ്ച് വയസുകാരി ഭവിതയും ഒരു മാസം പ്രായമായ ഭരതുമാണ് മക്കള്‍. 

Content Highlights: Interview with chenda artist Nandukrishnan Kumaranalloor