നരോദ ഗാം: ബാക്കിയായത് ഗുജറാത്ത് കലാപത്തിന്റെ നീറുന്ന ഓര്‍മകള്‍

ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്‍മകള്‍ നരോദ ഗാമിലെ തെരുവുകളില്‍നിന്ന് ഇന്നും വിട്ടുപോയിട്ടില്ല. പ്രേത നഗരമെന്നോണം ചിന്നിച്ചിതറിയ കെട്ടിടങ്ങളിലും തെരുവുകളിലും കലാപത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴുമുണ്ട്. ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നത് പോലും ഭയപ്പെട്ടിരുന്ന ഇരകളില്‍ പലരും നരോദ ഗാമില്‍ നിന്ന് എങ്ങോട്ടേക്കോ രക്ഷപ്പെട്ടു. കാരണം അത്രമാത്രം ഭീകരമായിരുന്നു മതഭ്രാന്ത് മൂത്ത ഒരുകൂട്ടം കലാപകാരികളുടെ അഴിഞ്ഞാടല്‍. നഷ്ടമായത് 11 ജീവനുകള്‍.
ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദായിരുന്നു അന്ന്; 2002 ഫെബ്രുവരി 28ന്. ബന്ദിന്റെ നിശ്ചലതയ്ക്കിടെ കൈയില്‍ വാളും ആയുധങ്ങളുമേന്തി ആക്രോശിച്ചെത്തിയ കലാപകാരികള്‍ വീടുകള്‍ ചുട്ടെരിച്ചു. മുസ്ലിം വിഭാഗത്തിലെ 11 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പ്രതികളില്‍ 18 പേര്‍ ഇതിനകം മരിച്ചു. പ്രോസിക്യൂഷന്‍ 187-ഉം പ്രതിഭാഗം 57-ഉം സാക്ഷികളെ വിസ്തരിച്ചു. 11 പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതിന് പുറമെ കലാപകാരികള്‍ കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെ അതിക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പ്രതിസ്ഥാനത്തുണ്ടായിരുന്നത് മുന്‍ ഗുജറാത്ത് മന്ത്രിയായിരുന്ന മായബെൻ കോട്നാനിയും ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്റംഗിയും ഉള്‍പ്പെടെ 86 പേര്‍. സംഭവം നടന്ന് 21 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതികളെയെല്ലാം വെറുതെവിട്ട കോടതി വിധിയാണുണ്ടായിരിക്കുന്നത്.
Content Highlights: Gujarat riot verdict naroda gam massacre