നാടകത്തില്‍ പൂച്ചയ്ക്കും കിളികള്‍ക്കും എന്തു കാര്യം?

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ തന്റെ പംക്തിയായ നാടക ടിക്കറ്റില്‍ അന്തരിച്ച പ്രശസ്ത നാടകകാരന്‍ പ്രശാന്ത് നാരായണന്‍ കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് മുതിര്‍ന്നവരോട് പറഞ്ഞ ഒരു സുപ്രധാന വാചകമുണ്ട്.' നിങ്ങളുടെ കുട്ടിക്കാലം കഴിഞ്ഞെന്നു കരുതി ലോകത്തിലെ മുഴുവന്‍ കുട്ടിക്കാലവും അവസാനിച്ചുവെന്ന് കരുതരുത്. എത്ര ചിന്തനീയമാണത്. പുതിയ കാലത്ത് പുതിയ പലതും കുട്ടികളിലേക്ക് വന്നുചേര്‍ന്നിരിക്കുന്നുവെങ്കിലും ഇപ്പോഴും അവര്‍ക്കിടയില്‍ പുഴകളും കാടുകളും പക്ഷികളും മൃഗങ്ങളും ഒക്കെ ജീവിക്കുന്നുണ്ട്.
ഞാനൊരു ഹൈസ്‌കൂള്‍ അധ്യാപകനാണ്. ഞാന്‍ ചോദിച്ച ക്ലാസിലൊക്കെ ഭൂരിഭാഗം കുട്ടികള്‍ക്കും പ്രിയപ്പെട്ടവരായി അക്വേറിയത്തിലെ മീനുകളോ പ്രാവുകളോ കോഴികളോ നായയോ പൂച്ചയോ മുയലോ ഒക്കെയുണ്ട്. അത്ര ശക്തമാണ് അവരുടെ ജീവിബന്ധം. ഇത്തവണത്തെ എന്റെ 'ഓസ്‌കാര്‍ പുരുഷു' എന്ന നാടകത്തില്‍ രാഗേന്ദുപ്പൂച്ചയായി വേഷമിട്ട പത്താംതരംക്കാരി കീര്‍ത്തനയ്ക്ക് ഒരു കൂടു നിറയെ സ്വന്തം കോഴികള്‍ ഉണ്ട്. കുറുക്കനുമായി വീട്ടുപറമ്പില്‍ അവള്‍ നടത്തുന്ന സംഘട്ടനങ്ങളുടെ കഥ ക്യാമ്പില്‍ പലപ്പോഴും രസത്തോടെ കേട്ടിട്ടുണ്ട്. കുറുക്കനു മാത്രമല്ല മനുഷ്യന്മാര്‍ക്കും അവള്‍ തിന്നാന്‍ കോഴിയെ കൊടുക്കാറില്ല എന്നാണ് അവളുടെ അമ്മ പറയുന്നത്. അതൊരു കഥയാണ്. കുട്ടിയും ജീവിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ.
Content Highlights: Director Sivadas Poyilkavu talks about school drama