ഇനി ചൈനയെ ആശ്രയിക്കില്ല, ജപ്പാന്‍ ആഴക്കടല്‍ ഖനനത്തിന്; ഇന്ത്യയുടെ പങ്കും നിര്‍ണായകം

മിനാമി തോരിഷിമ ദ്വീപ്‌ | Photo: Twitter/DX World.net
മിനാമി തോരിഷിമ ദ്വീപ്‌ | Photo: Twitter/DX World.net

അമേരിക്കയെ പിന്തള്ളി ഏറ്റവും വലിയ ലോകസാമ്പത്തിക ശക്തിയാവാന്‍ അഭിലാഷമുള്ള ചൈന, കരയിലും കടലിലുമായി 17 രാജ്യങ്ങളുമായാണ് സംഘര്‍ഷഭൂമിക സൃഷ്ടിച്ചിട്ടുള്ളത്‌. ഭൂപ്രദേശത്തിന് മുകളിലുള്ള അവകാശവാദമുന്നയിക്കുന്നത് സൈനിക ശക്തിയെന്ന നിലയിലെ വിപുലീകരണത്തിനെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അതില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൂടിയുണ്ട്.  പ്രതിവര്‍ഷം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലില്‍ തയ്​വാൻ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചൈനയും അവകാശവാദം ഉന്നയിക്കുന്നത് മേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ച് സൈനിക താവളങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ നോട്ടം പ്രദേശത്തെ എണ്ണ- പ്രകൃതി വാതക നിക്ഷേപത്തിലാണ്.

സമാനമായി ജപ്പാനുമായി ചൈന നിരന്തര തര്‍ക്കത്തിലുള്ള പ്രദേശമാണ് കിഴക്കന്‍ ചൈന കടല്‍. മേഖലയിലെ തര്‍ക്കപരിഹാരത്തിനായി ഫെബ്രുവരി ആദ്യവാരവും ചൈന- ജപ്പാന്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ച നടന്നു. ദക്ഷിണ ചൈന കടലിലെന്നപോലെ കിഴക്കന്‍ ചൈന കടലിലും ചൈന സമ്പൂര്‍ണ്ണ ആധിപത്യം അവകാശപ്പെടുന്നു. എന്നാല്‍, അത് വകവെച്ചുനല്‍കാന്‍ ജപ്പാന്‍ തയ്യാറല്ലെന്ന് മാത്രമല്ല, അവരും സമാന അവകാശവാദം ഉന്നയിക്കുന്നു. ഇവിടെയുള്ള ദ്വീപുകളെ ചൈന ദിയായു എന്ന് വിളിക്കുമ്പോള്‍, ജപ്പാന്‍ സെന്‍കാകു എന്ന് പേരിട്ടിരിക്കുന്നു. ഫെബ്രുവരി മൂന്നിനു നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിഴക്കന്‍ ചൈന കടലിലെ സാഹചര്യങ്ങളില്‍ ഇരുവിഭാഗവും ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ ഭൂപ്രദേശത്തിന് സമീപം ചൈനീസ് സൈനിക നീക്കത്തിലായിരുന്നു ജാപ്പനീസ് വിദേശകാര്യമന്ത്രി യോഷിമാസ ഹയാഷിയുടെ ആശങ്കയെങ്കില്‍, 'വലതുപക്ഷ പ്രകോപനങ്ങളെ' നിയന്ത്രിക്കണമെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗ്വാങ്ങിന് ജപ്പാനോട് ആവശ്യപ്പെടാനുണ്ടായിരുന്നത്.

Content Highlights: rare earth metals mining japan no more dependence on china

Continue reading