സാത്താന്‍സേവയും ഇല്യുമിനാറ്റിയും സിനിമയിൽ മാത്രമല്ല നമുക്കിടയിലുമുണ്ട്

നിഗൂഢതകളോടുള്ള മനുഷ്യന്റെ താല്‍പര്യത്തിന് അവന്റെ ആദികാലത്തോളം പഴക്കമുണ്ട്. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറത്തുള്ള അറിവുകള്‍ അവനെ എപ്പോഴും ത്രസിപ്പിച്ചുകൊണ്ടേയിരുന്നു. മനുഷ്യകുലത്തെ ആധുനികതയിലേക്ക് നയിക്കുന്നതില്‍ അത്തരം വിഷയങ്ങള്‍ക്ക് പിന്നാലെയുള്ള അന്വേഷണങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. എന്നാല്‍ അവിടെയും മനുഷ്യന് പിടിതരാതെ തുടര്‍ന്ന വിഷയങ്ങള്‍ അനവധിയുണ്ടായിരുന്നു. ദൈവം, പിശാച്, ആത്മാവ്, സ്വര്‍ഗം, നരകം... മനുഷ്യന്റെ അറിവിനും ബോധ്യത്തിനും അപ്പുറമുള്ള ഇത്തരം വിഷയങ്ങളെ അവര്‍ അടങ്ങാത്ത അദ്ഭുതത്തോടെ, അതിലുപരി ഭയത്തോടെയാണ് കണ്ടിരുന്നത്. ഉത്തരം കിട്ടാത്ത പ്രതിഭസങ്ങളെ മനുഷ്യന്‍ നേരിട്ടത് രണ്ടുതരത്തിലാണ്.. ഒരുകൂട്ടര്‍ അവഗണിച്ചു, മറ്റൊരു കൂട്ടര്‍ പൊടിപ്പും തൊങ്ങലുംവെച്ച കഥകളിലൂടെ വിശ്വസിച്ച് അനുസരിച്ചു.
ഈ 21-ാം നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്നവരും അനുസരിക്കുന്നവരുമുണ്ടോ എന്ന് ചോദിച്ചാല്‍.. ഉണ്ട്, മന്ത്രവാദത്തിനെയും സാത്താന്‍സേവയേയും അന്യഗ്രഹജീവികളെയുമടക്കം വിശ്വസിക്കുന്ന നമുക്ക് ചുറ്റുമുള്ള ഒരു വലിയ വിഭാഗം മനുഷ്യര്‍ തന്നെയാണ് അതിന് തെളിവ്. സാമൂഹ്യമാധ്യമങ്ങളിലടക്കം ഇത്തരം വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നു, പഠനങ്ങള്‍ നടക്കുന്നു.. എന്തിനേറെ, പണ്ടെങ്ങോ നിലനിന്നിരുന്ന സംഘടനകളെ കുത്തിപ്പൊക്കി അതിന്റെ സ്ഥാപകര്‍ പോലും വിചാരിച്ചിട്ടില്ലാത്ത മാനങ്ങള്‍ കൊടുത്ത്, സ്വയം അംഗമെന്ന് പറഞ്ഞുനടക്കുന്നവര്‍പോലും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പുരാതന സംഘടനയാണ് ഇല്യുമിനാറ്റി.
സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ അടിച്ചമര്‍ത്തി അറിവിലും വിവേകത്തിലുമൂന്നിയ ഒരു ലോകത്തെ, ഭാവിയെ വാര്‍ത്തെടുക്കാനായി സ്ഥാപിക്കപ്പെട്ട ഇല്യുമിനാറ്റി എന്ന സംഘടന ഇന്ന് അറിയപ്പെടുന്നത് അന്ധവിശ്വാസത്തിന്റെയും സാത്താന്‍സേവയുടെയും മൊത്ത വ്യാപാരികളായാണ്. ശരിക്കും എന്താണ് ഇല്യുമിനാറ്റി?
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, പ്രൊഫസര്‍ ആദം വെയ്റ്റ്‌ഷോപ്പ് എന്ന നിയമപണ്ഡിതനാണ് ഇല്യുമിനാറ്റി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. 1776 മെയ് ഒന്നിന് ജര്‍മ്മനിയിലെ ബവേറിയ എന്ന സ്ഥലത്താണ് ആദം വെയ്‌ഷോപ്റ്റിന്റെ നേതൃത്വത്തില്‍ ഈ രഹസ്യ സംഘടന തുടങ്ങിയത്. അതുകൊണ്ടുതന്നെ ബവേറിയന്‍ ഇല്യുമിനാറ്റി എന്നാണ് ഈ സംഘടന പൊതുവില്‍ അറിയപ്പെടുന്നത്. വിരലില്‍ എണ്ണാവുന്നത്ര അംഗങ്ങള്‍ മാത്രമാണ് തുടക്കത്തില്‍ സംഘടനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ ഈ ലോകം തന്നെ പിടിച്ചടക്കാനും മാറ്റിമറിക്കാനും പോന്നതായിരുന്നു.
മതം, സമ്പന്നര്‍, പ്രഭുക്കന്മാര്‍... അങ്ങനെ പതിനേഴാം നൂറ്റാണ്ടില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയിരുന്ന ചില പ്രത്യേക വിഭാഗങ്ങളെ എതിര്‍ക്കുക എന്നതായിരുന്നു ഇല്യുമിനാറ്റി എന്ന സംഘടനയുടെ ലക്ഷ്യം. പള്ളികള്‍ക്കും, പുരോഹിതന്മാര്‍ക്കും അന്ന് സമൂഹത്തിലെ എല്ലാ മേഖലകളിലും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഇവരുടെ ഈ സ്വാധീനം സമൂഹത്തില്‍ അസമത്വവും അരാചകത്വവും കൂടുന്നതിന് കാരണമായി. ഇതിനെതിരേയായിരുന്നു ഇല്യുമിനാറ്റികളുടെ അപ്രഖ്യാപിത യുദ്ധം.
മതത്തിനും പുരോഹിതന്മാര്‍ക്കും എതിരാവുമ്പോൾ സ്വാഭാവികമായും അവര്‍ ദൈവത്തിനും എതിരായിരിക്കുമല്ലോ. ഇല്യുമിനാറ്റികളെ പറ്റി ആദ്യമായി പടര്‍ന്ന കെട്ടുകഥയും ഇതാണ്. ഇല്യുമിനാറ്റി സംഘടന ദൈവത്തിന് എതിരാണെന്നും അവര്‍ ആരാധിക്കുന്നത് സാത്താനെയാണെന്നുമുള്ള കഥകള്‍ സമൂഹത്തില്‍ പരന്നു. ഇല്യുമിനാറ്റികള്‍ ഉപയോഗിക്കുന്ന പല ചിഹ്നങ്ങളും അവരുടെ രീതികളും സാത്താനുമായി ബന്ധപ്പെട്ടവയാണെന്നും ഇത് സാത്താന്‍ ആരാധനയെ സൂചിപ്പിക്കുന്നവയാണെന്നും പുരോഹിതവര്‍ഗം സ്ഥാപിച്ചെടുത്തു.
ഇങ്ങനെയാണ് സാത്താനും ഇല്യുമിനാറ്റിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. സാത്താന്‍സേവ നടത്തുന്ന രഹസ്യ സംഘടനയാണ് ഇല്യുമിനാറ്റി എന്നാണ് ഇന്ന് പലരുടേയും വിശ്വാസം. ശരിക്കും പറഞ്ഞാല്‍ പ്രത്യേക വെളിപാട് കിട്ടിയ, അല്ലെങ്കില്‍ പ്രബുദ്ധമായ അറിവ് പകര്‍ന്നുകിട്ടിയ ആളുകളുടെ കൂട്ടം എന്നാണ് ഇല്യുമിനാറ്റിയുടെ അര്‍ത്ഥം. വെളിപ്പെടുത്തുക, പ്രബുദ്ധമായത് എന്നൊക്കെ അര്‍ത്ഥം വരുന്ന ഇല്യുമിനാറ്റസ് എന്ന ലാറ്റില്‍ വാക്കില്‍ നിന്നാണ് ഇല്യുമിനാറ്റി എന്ന വാക്കിന്റെ ഉദ്ഭവം. പതിനഞ്ചാം നൂറ്റാണ്ട് മുതലാണ് ഇല്യുമിനാറ്റി എന്ന വാക്ക് പ്രയോഗത്തില്‍ വന്നുതുടങ്ങിയത്.
നിയമപണ്ഡിതനായതുകൊണ്ട് തന്നെ വിവേകത്തിലും അറിവിലുമൂന്നിയ കാഴ്ചപ്പാടിലായിരുന്നു ആദം വെയ്റ്റ്‌ഷോപ്പിന് വിശ്വാസം. മതത്തിന്റെയോ സമ്പത്തിന്റെയോ പിന്‍ബലത്തോടെയുള്ളവര്‍ കൈയാളുന്ന എല്ലാ ഇടങ്ങളിലും അറിവും പാണ്ഡിത്യവും ഉള്ളവര്‍ എത്തണമെന്നും അതുവഴി സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്ക് അറുതി വരുത്തണമെന്നും നല്ല ഒരു നാളെ പടുത്തുയര്‍ത്തമെന്നും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണ് സമാനചിന്താഗതിക്കാരായ ചുരുക്കം ചിലരെയും കൂട്ടി വെയ്റ്റ്‌ഷോപ്പ് ഇല്യുമിനാറ്റി എന്ന രഹസ്യ സംഘടനയ്ക്ക് രൂപം നല്‍കിയത്. അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു തുടക്കകാലത്ത് ഇല്യുമിനാറ്റി സംഘടനയിലെ അംഗങ്ങള്‍.
ഉന്നതകുലജാതര്‍ക്കും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്കും മാത്രമായിരുന്നു സംഘടനയില്‍ അംഗത്വം ലഭിച്ചിരുന്നത്. വ്യത്യസ്തവും വിചിത്രവുമായിരുന്നു ഇല്യുമിനാറ്റി സംഘത്തിന്റെ രീതികള്‍. സംഘടനയില്‍ ഉള്ളവര്‍ തന്നെ കള്ളപ്പേരിലാണ് അന്യോന്യം അഭിസംബോധന ചെയ്തിരുന്നത്. സംഘടനയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. ഇതും പോരാഞ്ഞ് സംഘാംഗങ്ങള്‍ പരസ്പരം രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
സംഘത്തിലെ അംഗങ്ങളെ പൊതുവില്‍ മൂന്ന് തട്ടായിട്ടാണ് തിരിച്ചിരുന്നത്. ആദ്യമായി അംഗമാകുന്നവരെ നൊവീസ് എന്ന നിലയിലേക്കാണ് പരിഗണിച്ചിരുന്നത്. ഇതുകഴിഞ്ഞാല്‍ മിനര്‍വല്‍ എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടും, ഒടുവില്‍ ഇല്യുമിനേറ്റഡ് മിനര്‍വല്‍ എന്ന സ്ഥാനത്തേക്ക് എത്തപ്പെടും. ഈ മൂന്ന് തട്ടുകള്‍ക്കും ഉപതട്ടുകളും ഉണ്ടായിരുന്നു. ഗ്രീക്ക് പുരാണത്തിലെ ബുദ്ധിയുടെ ദേവതയായ അഥീനയുടെ പ്രതീകമായ ഔള്‍ ഓഫ് മിനര്‍വയാണ് ഇല്യുമിനാറ്റി ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ചത്. പിന്നീട് ത്രികോണത്തിനകത്തെ കണ്ണുകള്‍ അഥവാ ഐ ഓഫ് പ്രൊവിഡന്‍സ് എന്ന ചിഹ്നവും ഇല്യുമിനാറ്റിയുടെ ഭാഗമായി ഉപയോഗിച്ച് തുടങ്ങി.
ലോകം മുഴുവന്‍ കാണുന്ന അഥവാ നിയന്ത്രിക്കുന്ന എന്ന് അര്‍ത്ഥം വരുന്ന ചിഹ്നമാണ് ഐ ഓഫ് പ്രൊവിഡന്‍സ്. ഇല്യുമിനാറ്റി സംഘടനയുമായി ബന്ധപ്പെട്ട രേഖകളിലും വിവരങ്ങളിലുമെല്ലാം ഈ ചിഹ്നവും കാണാന്‍ സാധിക്കും. പിന്നെ നേരത്തെ പറഞ്ഞ അന്ധവിശ്വാസ തിയറിക്കാരൊക്കെ സാത്താന്റെ പ്രതീകമായി കാണുന്ന സകല ചിഹ്നങ്ങളും ഇല്യുമിനാറ്റിക്കും ചാര്‍ത്തി കൊടുത്തിട്ടുണ്ട്.
പതിനേഴാം നൂറ്റാണ്ടില്‍ തന്നെ ഇല്യുമിനാറ്റി സംഘത്തിന്റെ കാഴ്ചപ്പാടുകളുമായി സമാനമായ ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന മറ്റൊരു സംഘടനയും നിലനിന്നിരുന്നു, അതായിരുന്നു ഫ്രീമേസണ്‍സ്. അന്ധവിശ്വാസങ്ങളേയും മത മേധാവിത്വത്തേയും എതിര്‍ക്കുക, യുക്തിയെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുക എന്നതുതന്നെയായിരുന്നു ഫ്രീമേസണ്‍സിന്റെയും ലക്ഷ്യം. ഇല്യുമിനാറ്റി സംഘത്തില്‍ പെട്ടവര്‍ ഫ്രീമേസണ്‍സില്‍ നുഴഞ്ഞുകയറി അവിടുത്തെ അംഗങ്ങളെ ഇല്യുമിനാറ്റികളാക്കാന്‍ ശ്രമിച്ചിരുന്നതായി പറയപ്പെടുന്നു. അതല്ലാ, ഫ്രീമേസണ്‍സ് ഇല്യുമിനാറ്റിയുടെ സഹോദരസംഘടനയാണെന്നും ഗൂഢാലോചനാ സിദ്ധാന്തക്കാർ പറയുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ഫ്രീമേസണുകളെപ്പറ്റി പരാമര്‍ശമുണ്ട്. ഫ്രീമേസണ്‍സ് എന്ന സംഘടന അമേരിക്കയില്‍ ഇപ്പോഴും രഹസ്യമായി നിലനില്‍ക്കുന്നുണ്ടെന്നും രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളുടെ പരമോന്നത സ്ഥാനങ്ങളില്‍ ഈ സംഘടനയില്‍പെട്ട ആളുകളാണ് ഉള്ളതെന്നും പറയപ്പെടുന്നു. ഇല്യുമിനാറ്റിയെക്കുറിച്ചും ഇതേ കഥകള്‍ തന്നെയാണ് ഇന്നും പരക്കുന്നത്. അതുപക്ഷേ ഒരു രാജ്യത്ത് മാത്രം ഒതുങ്ങുന്നില്ല പകരം ലോകമാകെ വ്യാപിച്ചുകിടക്കുന്നു എന്നുമാത്രം. സംഘടനയുടെ തുടക്കംമുതല്‍ ലോകത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതില്‍ തന്നെയായിരുന്നു ഇല്യുമിനാറ്റികളുടെ ശ്രദ്ധ. അതുപക്ഷേ യുദ്ധത്തിലൂന്നിയായിരുന്നില്ല അറിവിലൂന്നിയായിരുന്നു.
ലോകം ഏകാധിപത്യത്തിലൂടെ പിടിച്ചടക്കാന്‍ ആയിരുന്നില്ല, പകരം അറിവും വിവേകവും ഉള്ളവരെ അധികാരസ്ഥാനങ്ങളില്‍ എത്തിച്ച് ലോകത്തിലെ എല്ലായിടത്തിലുമുള്ള ജനങ്ങളിലെ ഏറ്റവും സന്തോഷകരമായ, സന്തുലിതമായ സാമൂഹിക ചുറ്റുപാടില്‍ എത്തിക്കുക എന്നതായിരുന്നു ഇല്യുമിനാറ്റി സംഘടനയുടെ ലക്ഷ്യം. ലോകം പിടിച്ചെടുത്ത് അധികാരത്തിന്റെ ഉന്നതശ്രേണികളില്‍ എത്തുമ്പോള്‍ കൃത്യമായ ഭരണം നടത്തുന്നതിനായി യുക്തിചിന്ത, മാനവികത, മതേതരമൂല്യങ്ങൾ വെയ്ഷോപ്റ്റ് തന്റെ അനുയായികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരുന്നു.
1776 മുതല്‍ 1785 വരെയായിരുന്നു ബവേറിയന്‍ ഇല്യുമിനാറ്റി നിലനിന്നിരുന്നത്. 1785-ല്‍ ബവേറിയയിലെ ഡ്യൂക്കായ കാള്‍ തിയോഡോര്‍ ഒരു പുതിയ നിയമം നടപ്പിലാക്കി. ഇനി തന്റെ രാജ്യത്ത് രഹസ്യ സ്വഭാവമുള്ള സംഘടനകള്‍ പാടില്ല. ഇതോടെ ഇല്യുമിനാറ്റിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി. സംഘത്തിലെ അംഗങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചും തിയോഡോര്‍ ബവേറിയയില്‍ നിന്നും ഇല്യുമിനാറ്റിയെ തുടച്ചുനീക്കി. ചരിത്രത്തില്‍ ഇല്യുമിനാറ്റി അവിടെ അവസാനിക്കുന്നു. എന്നാല്‍ കഥകളും കണ്ടെത്തലുകളും ഇവിടെ അവസാനിക്കുന്നില്ല.
ചരിത്രപരമായി ശരിയോ തെറ്റോ എന്നുറപ്പില്ലെങ്കിലും കൗതുകകരമാണ് ഇവിടംമുതലുള്ള ഇല്യുമിനാറ്റി കഥകള്‍. ഇല്യുമിനാറ്റി സംഘടനയില്‍പ്പെട്ട അംഗങ്ങളെ പ്രധാനമായും മൂന്നുതട്ടുകളിലായി തരംതിരിച്ചിരുന്നു എന്ന് നേരത്തേ പറഞ്ഞിരുന്നല്ലോ, അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്, അതായത് ഇല്യുമിനേറ്റഡ് മിനര്‍വല്‍സ് എന്ന തട്ടില്‍ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ തക്കതായ ഒമ്പത് അറിവുകള്‍ ഈ ഒമ്പതു പേരിലേക്ക് പകര്‍ന്നുനല്‍കപ്പെട്ടിരുന്നതായും അവര്‍ അത് ഇന്നും തലമുറകളായി കൈമാറി വരുന്നതായും പറയപ്പെടുന്നു. സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഈ ഒൻപത് പേരായിരിക്കും. ഈ സംഘം ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ യഥാര്‍ത്ഥ സ്വത്വം മറച്ചുവെച്ച് ഇല്യുമിനാറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു എന്നാണ് ഇല്യുമിനാറ്റി അഭ്യുദയകാംക്ഷികളുടെ പക്ഷം.
ഫ്രഞ്ച് വിപ്ലവത്തിനും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തിനും പിന്നില്‍ ഇല്യുമിനാറ്റി സംഘടനയുടെ കൈയുണ്ട് എന്നുവരെ ഗൂഢാലോചനാ സിദ്ധാന്തക്കാർ പറയുന്നു. അതുമാത്രമല്ല കല, രാഷ്ട്രീയം, വ്യവസായം എന്നീ മേഖലകളില്‍നിന്നുള്ള പല ഉന്നതരും ഇല്യുമിനാറ്റി സംഘത്തില്‍ പെട്ടവരാണത്രേ. ബില്‍ഗേറ്റ്സും മൈക്കിള്‍ ജാക്സനും ബിയോണ്‍സെയും ഡൊണാള്‍ഡ് ട്രംപും തുടങ്ങി നമ്മുടെ പൃഥ്വിരാജ് വരെ ഇല്യുമിനാറ്റി സംഘത്തില്‍ പെട്ടവരാണെന്നാണ് കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ കണ്ടുപിടിത്തം.
പറഞ്ഞുപോകാനാണെങ്കില്‍ ഗൂഢാലോചനാ സിദ്ധാന്തക്കാരും സാത്താന്‍ സേവകരും ഒക്കെ പറയുന്ന ഒരായിരം കഥകളുണ്ട്. ഇല്യുമിനാറ്റികള്‍ക്ക് അന്യഗ്രഹജീവികളുമായി പോലും സംസര്‍ഗം ഉണ്ടത്രേ.. എന്തായാലും ഇല്യുമിനാറ്റികള്‍ ഇപ്പോഴും ലോകം തങ്ങളുടെ അധീനതയിലാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നതായും അതല്ല ഇപ്പോള്‍ ലോകം നിയന്ത്രിക്കുന്നതുതന്നെ ഇവരാണെന്നുമാണ് പലരും പറയുന്നത്. ഇന്ന് ലോകം നിയന്ത്രിക്കുന്ന പ്രധാന സ്ഥാപനങ്ങളുടെ എല്ലാം തലപ്പത്തിരിക്കുന്നതും അതുവഴി ലോകം നിയന്ത്രിക്കുന്നതും ഇല്യുമിനാറ്റികളാണത്രേ. കൃത്യമായ സമയമാകുമ്പോള്‍ ഇല്യുമിനാറ്റികള്‍ മറനീക്കി പുറത്തുവരുമെന്നും അന്ന് ഈ ലോകത്തിന്റെ പൂര്‍ണാധികാരം അവരുടെ കൈയിലായിരിക്കുമെന്നും ചില സ്വയം പ്രഖ്യാപിത ഇല്യുമിനാറ്റികള്‍ പറയുന്നു.. ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ? ആര്‍ക്കറിയാം..
Content Highlights: Illuminati, facts and history- Aarkariyam column by Lekshmi KL