തകഴി പകർന്നുതന്ന വേദനയും സിദ്ധാർഥയുടെ രണ്ടാംവായനയുടെ ഉൾക്കാഴ്ചയും | സന്ധ്യാരാഗം

കൊച്ചു സന്ധ്യക്ക് അന്ന് ആറുവയസ്സു പ്രായം. അവള്‍ വലിയ കുളത്തിന്റെ കരയില്‍ നിന്നുകൊണ്ട് കുളത്തിന്റെ നടുവിലേയ്ക്ക് ഒരു കല്ലു വലിച്ചെറിഞ്ഞു. ആഹാ ഓളം കുളമാകെ പരക്കുന്നു. എന്തൊരതിശയം! വട്ടത്തിലുള്ള ഈ വലിയ കുളത്തില്‍ മുഴുവനും എങ്ങനെ ഒരു കുഞ്ഞുകല്ലിന് ചലനമുണ്ടാക്കാന്‍ കഴിയുന്നു. ഉരുണ്ട ഭൂമിയില്‍ ഇവിടെ നിന്നുകൊണ്ട് ഞാനൊരു കല്ലെറിഞ്ഞാല്‍ അതു ലോകമാകെ ചലനമുണ്ടാക്കുമോ? എന്റെ മനസ്സിലുള്ള കാര്യം അങ്ങ് ഉത്തരധ്രുവത്തിലെ ധ്രുവക്കരടി (മിനുമിനുത്ത പുറംചട്ടയുള്ള റഷ്യന്‍ കഥാപുസ്തകങ്ങളില്‍ നിന്ന് പരിചയപ്പെട്ടു കൂട്ടുകാരാക്കിയ ധ്രുവക്കരടികള്‍) അറിയുമോ?
കുളക്കടവിലെ കല്‍പ്പടവില്‍ ഇരുന്നു ഞാന്‍ ചിന്തിച്ചു. അങ്ങനെ ചിന്തിച്ചു ചിന്തിച്ച് കാല്‍ കുളത്തിലേയ്ക്കിട്ടു. നൂറുകണക്കിന് പരല്‍മീനുകള്‍ വന്നു കാലില്‍ കൊത്തി. നീര്‍ക്കോലി വരുന്നുണ്ടോ എന്നേ നോക്കേണ്ടതുള്ളൂ. പരല്‍മീനുകള്‍ ഉപദ്രവകാരികളല്ല. അവ കൊത്തുമ്പോള്‍ വേദനിയ്ക്കില്ല. എന്നാല്‍ കാലില്‍ മുറിവുണ്ടങ്കില്‍ വേദനിക്കും. വീട്ടിലെ ഇഡ്ഡലിപ്പാത്രവും കഞ്ഞിക്കലവും കുളത്തില്‍ കൊണ്ടുപോകാന്‍ എനിക്ക് വലിയ ഉത്സാഹമാണ്. അത് വെള്ളത്തില്‍ താഴ്ത്തിവച്ചാല്‍ നിറയെ മീന്‍ വരും. അതില്‍ ചിലതിനെ പിടിച്ച് പായലും വെള്ളവുമൊക്കെ നിറച്ച ഹോര്‍ലിക്‌സ് കുപ്പിയിലിട്ട് വീട്ടില്‍ കൊണ്ടുവന്നുവെയ്ക്കും. മുറ്റത്തെ മണ്ണുകുഴിച്ച് മണ്ണിരയെ പിടിച്ച് ഈര്‍ക്കിലിയില്‍ പിന്‍കുത്തിയ ചൂണ്ടയില്‍ തൂക്കി മീന്‍ പിടിയ്ക്കുന്നത് ഷാജിയും ലതയുമൊക്കെയാണ്. എന്നാല്‍ അതെനിക്കിഷ്ടമല്ല. പാവം മണ്ണിരയും മീനും ചാവും. പിന്നെന്തിനു പിടിക്കണം. കൂട്ടുണ്ടെങ്കില്‍ തോര്‍ത്തില്‍ മീന്‍ പിടിച്ചും കുപ്പിയിലിടാം.
Content Highlights: Childhood Memories, Sandhyaragam column by B.Sandhya