വനാതിർത്തിയിലെ സൗരതൂക്കുവേലിയും തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കും

വണ്ടിപ്പെരിയാർ: വന്യമൃഗശല്യം ഒഴിവാക്കാനായി വനാതിർത്തികളിൽ സ്ഥാപിച്ച സൗരതൂക്കുവേലികളിലെ കാടുകളും മറ്റും പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾ തെളിച്ചുതുടങ്ങി. വന്യമൃഗശല്യം രൂക്ഷമായ പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവ് മുതൽ അഞ്ച് മീറ്റർ വീതിയിൽ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കാടുകൾ തെളിക്കുന്ന ജോലികൾ ചെയ്യുന്നത്. രണ്ടരവർഷംമുൻപ് കൃഷിവകുപ്പുമായി ചേർന്ന് നബാർഡിന്റെ സഹായത്താൽ വനംവകുപ്പാണ് സൗര തൂക്കുവേലി നിർമിച്ചത്.
വേലിയുടെ അടിത്തട്ടിലെ കാടുകളും മറ്റും ഇടയ്ക്കിടെ ഇക്കോ ഡിവലപ്പ്മെന്റ് കമ്മിറ്റി അംഗങ്ങൾ വൃത്തിയാക്കിയിരുന്നു. മനുഷ്യ വന്യജീവി സംഘർഷങ്ങൾ വർധിച്ചതോടെയാണ് വനാതിർത്തികളിലെ ഇത്തരം ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയത്.
തുടർന്ന് ഏറ്റവും കൂടുതൽ വനാതിർത്തി പങ്കിടുന്ന പ്രദേശമായ വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ വള്ളക്കടവിലാണ് ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾ ഈ ജോലികളിൽ ഏർപ്പെടുന്നത്. പതിനാറ് തൊഴിൽദിനങ്ങളാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്.
ഇതോടെ തൂക്കുവേലികളിലൂടെ പ്രവഹിക്കുന്ന വൈദ്യുതിക്ക് തടസ്സം നേരിടില്ല. സൗരതൂക്കുവേലി സ്ഥാപിച്ചതോടെ വള്ളക്കടവ് പ്രദശങ്ങളിൽ മനുഷ്യ വന്യജീവി സംഘർഷവും കൃഷിവിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതും കുറഞ്ഞിട്ടുണ്ട്.
Content Highlights: MGNREGS workers have begun clearing overgrown bushes along solar hanging fences in Vandiperiyar to prevent human-wildlife conflict.