വെളിച്ചം പകരുമോ

മലയോരത്തിന് പറയാനുണ്ട്
കട്ടപ്പന : ജനിച്ച മണ്ണിൽ അവകാശത്തിനായി കാത്തിരിക്കുന്ന പതിനായിരങ്ങൾ. കാട്ടാനയുടെ കൊമ്പിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട ഒട്ടേറെ പാവങ്ങൾ. കർഷകരുടെ കണ്ണീരുവീണ കൃഷിയിടങ്ങൾ. നല്ല വഴിയില്ലാതെ, ആവശ്യത്തിന് ചികിത്സാ സൗകര്യമില്ലാതെ ശ്വാസംമുട്ടുന്ന ഒരു നാട്.
കേൾക്കുമ്പോൾ ആവർത്തന വിരസത തോന്നാം.
പക്ഷേ, മലയോരത്തിന്റെ യാഥാർഥ്യമാണിത്.ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ച് പഠിക്കുന്നതിനായി വെള്ളിയാഴ്ച ഇടുക്കിയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടറിയേണ്ട കാര്യങ്ങൾ. അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നങ്ങൾ...
ഇ.എസ്.എ. ഉയർത്തുന്ന ആശങ്ക
ഇപ്പോൾ ഇടുക്കിയെ ഏറ്റവും പേടിപ്പിക്കുന്നത് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായുള്ള പരിസ്ഥിതിലോല പ്രദേശങ്ങളാണ് (ഇ.എസ്.എ). കരടിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ച ജനവാസമേഖലകളും ഏലമല പ്രദേശങ്ങളും ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒന്നും രണ്ടുമല്ല, 131 വില്ലേജുകളിലാണ് ആശങ്ക. ഇതിൽ വനമേഖലയല്ലാത്തതിനാൽ 23 വില്ലേജുകളെയും ഏലമല പ്രദേശങ്ങളെയും പൂർണമായും ഒഴിവാക്കണമെന്ന് കേരളം, കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
98 വില്ലേജുകളിലുള്ള 8590.69 ചതുരശ്ര കിലോമീറ്റർ വനമേഖല മാത്രം ഇ.എസ്.എ.യിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.
എന്നാൽ, പുതിയ കരടിൽ 131 വില്ലേജുകളിലെ 9993 ചതുരശ്ര കിലോമീറ്റർ പ്രദേശവും ഉൾപ്പെട്ടിട്ടുണ്ട്.
മൂന്നാറിനും കുമളിക്കുമിടയിലുള്ള കാർഡമം ഹിൽസിലെ വില്ലേജുകൾ ഇ.എസ്.എ. പരിധിയിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിട്ടുണ്ട്. ഇക്കാര്യം മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി വിവിധ കർഷകസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
പട്ടയവും ഭൂപ്രശ്‌നങ്ങളും
1964-ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയിലെ നിർമാണ നിരോധനം ഇടുക്കിയെ കുറച്ചൊന്നുമല്ല ബാധിച്ചത്. നാടിന്റെ വികസനം തന്നെ മുരടിച്ചു.
പരിഹാരമെന്നോണം കഴിഞ്ഞ സർക്കാർ ഭൂപതിവ് ഭേദഗതി നിയമവും ചട്ടങ്ങളും രൂപവത്കരിച്ചെങ്കിലും ഇതുവരെ ഫലവത്തായില്ല. അതിൻമേലുള്ള തർക്കവും തുടരുന്നു. പട്ടയവിതരണവും പ്രതിസന്ധിയിലാണ്.ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടേ മതിയാകു. ശാശ്വത പരിഹാരം ഉണ്ടാകണം. ജനിച്ച മണ്ണിന്റെ അവകാശം ഉടമകൾക്ക് കിട്ടണം. മറ്റ് ജില്ലകളിലേപ്പോലെ ഉപാധിരഹിത പട്ടയമാണ് ആവശ്യം.
ജില്ലാ ആസ്ഥാനത്തിന്കരുതൽവേണം
ചെറുതോണി ടൗൺ ഉൾപ്പെട്ട ജില്ലാ ആസ്ഥാനം ഇപ്പോഴും പരാധീനതകളുടെ നടുവിലാണ്. ഒരു പൊതുശൗചാലയം പോലുമില്ല. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ കാര്യത്തിലും പ്രവർത്തനങ്ങൾ വേഗത്തിലാക്കണം.
കൃഷിക്ക്കരുതലിന്റെ കുട
ജില്ലയിലെ കാർഷികമേഖല നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലാളിക്ഷാമമാണ്. കിട്ടിയാൽത്തന്നെ ഉയർന്ന കൂലിയും മുൻവർഷങ്ങളിൽനിന്ന് വ്യസ്ത്യസ്തമായി തൊഴിൽസമയം കുറഞ്ഞതും പ്രതിസന്ധിയാണ്.ഏലം വിളവെടുപ്പിന് വിദഗ്ധരായ തൊഴിലാളികളെ കിട്ടുന്നില്ല. സാങ്കേതിക വിദ്യയിലൂടെയേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ. കാപ്പികൃഷിയിലും ഇതേ മാതൃക പിൻതുടരണം.യന്ത്രം സബ്‌സിഡി നിരക്കിൽ കർഷകന് നൽകിയാൽ ഏലം മേഖലയ്ക്ക് വലിയ കൈത്താങ്ങാകും.
കുരുമുളക്, കൊക്കൊ, ജാതി, അഞ്ചുനാട്ടിലെ ശീതകാല പച്ചക്കറികൃഷി, കരിമ്പ്, വെളുത്തുള്ളിക്കൃഷി തുടങ്ങിയവ ചെയ്യുന്നവർക്കും കൈത്താങ്ങ് വേണം.
ജീവനെടുക്കുന്ന കാട്ടുമൃഗങ്ങൾ
വന്യജീവികൾ കാടിറങ്ങിവരുന്നത് തടയാനുള്ള വനംവകുപ്പിന്റെ പദ്ധതികൾ ഫലവത്താകുന്നില്ലെന്നുതന്നെ പറയേണ്ടിവരും. അത് ഫലപ്രാപ്തിയിൽ എത്തിയിരുന്നെങ്കിൽ ഇത്രയും ജീവനുകൾ പൊലിയില്ലായിരുന്നു. ഇത്ര കൃഷിയും വീടുകളും സ്ഥാപനങ്ങളും നശിപ്പിക്കപ്പെടില്ലായിരുന്നു.
ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ടുപേരാണ്. ഈ വർഷം ഇതുവരെ നാല് ജീവനുകൾ നഷ്ടപ്പെട്ടു.
കാണണം..ഇടമലക്കുടിയുടെ ദുരിതം
നല്ല വഴിയില്ലാത്തതിനാൽ ഇടമലക്കുടിക്കാർ രോഗികളെ ഇപ്പോഴും തുണികൊണ്ട് മഞ്ചൽകെട്ടി ചുമന്ന് ഇറക്കുകയാണ്. എന്നാലേ ആശുപത്രിയിലെത്തിക്കാൻ കഴിയൂ.എത്രനാൾ ഈ ദുരിതം തുടരണം. കുടിയിലേക്കുള്ള റോഡ് നിർമാണം പൂർത്തിയാക്കണം.
തൊടുപുഴയിൽ സ്റ്റേഡിയം
തൊടുപുഴയിൽ ഒരു സ്റ്റേഡിയം വേണമെന്ന് പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണ്. ഇത്തവണ ബജറ്റിൽ പദ്ധതി ഇടംനേടി. പണവും അനുവദിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ വേഗത്തിലാകണം.
ഇതാണ് മൂന്നാറിലെ ബസ്‌സ്റ്റാൻഡ്
മൂന്നാർ ഇന്ത്യയിലെതന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. എന്നാൽ, ഇവിടെ നല്ലൊരു ബസ്‌സ്റ്റാൻഡില്ല.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് ആണെങ്കിലും സ്വകാര്യ ബസ്‌സ്റ്റാൻഡ് ആണെങ്കിലും ശോച്യാവസ്ഥയിലാണ്. സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ശൗചാലയ സൗകര്യം പോലുമില്ല. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ചില നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് വേഗത്തിൽ വിപുലപ്പെടുത്തണം.
മെഡിക്കൽ കോളേജുകളുംജില്ലാ ആശുപത്രികളും
ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ ഇപ്പോഴും തുടരുന്നു. വിദഗ്ധ ചികിത്സയ്ക്കുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയണ് പ്രധാന പ്രശ്‌നം. ഉടുമ്പൻചോലയിലെ ആയുർവേദ മെഡിക്കൽ കോളേജിന്റെ കാര്യവും എവിടെയും എത്തിയില്ല. ജില്ലാ ആശുപത്രിയായി ഉയർത്തിയ നെടുങ്കണ്ടം താലൂക്കാശുപത്രിയിലും പണിയോട് പണിയാണ്. അഞ്ച് വർഷമായി പൂർത്തിയായിട്ടില്ല.
സത്ര വികസനം
ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് വണ്ടിപ്പെരിയാർ സത്രം. സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാതയുടെ കവാടം. ഇവിടെ ഹൃദ്രോഗ ചികിത്സാ വിഭാഗമുള്ള ഒരു ആശുപത്രി അത്യാവശ്യമാണ്. കൂടാതെ സത്രത്തിലെ എൻ.സി.സി. എയർ സ്ട്രിപ്പിന്റെ പണിയും തുടങ്ങണം.
പൂട്ടിയ തോട്ടങ്ങൾ
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന രണ്ട് വൻകിട തേയിലത്തോട്ടങ്ങളും ഉപ്പുതറ പഞ്ചായത്തിലാണ്. 2000-ൽ പൂട്ടിയ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി തോട്ടങ്ങൾ 26 വർഷമായിട്ടും തുറന്നില്ല. 2500-ഓളം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. വ്യവസായം നിലച്ചതേടെ സർക്കാരിന് ലഭിച്ചിരുന്ന വരുമാനവും നഷ്ടമായി.
മുഖ്യമന്ത്രി ഇന്ന് ഇടുക്കിയിൽ; ഭൂപ്രശ്നങ്ങൾ ചർച്ചചെയ്യും
ഇടുക്കി : ജില്ലയിലെ ഭൂപ്രശ്നനങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളിയാഴ്ച ഇടുക്കിയിലെത്തും. രാവിലെ 10-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ.മാരായ റോയ് കെ.പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയുടെ സമഗ്രവികസനം സംബന്ധിച്ച കാര്യങ്ങളും വന്യജീവി ആക്രമണങ്ങളടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും.