എന്തേ ഇത്ര വൈകുന്നു...

തൊമ്മൻകുത്ത് : തൊമ്മൻകുത്ത്-നെയ്യശ്ശേരി-തോക്കുമ്പൻ റോഡിന്റെ നിർമാണം പൂർത്തിയാകാൻ വൈകുന്നു.
അവസാനഘട്ട പണി ഇഴഞ്ഞുനീങ്ങുന്നതിനുപുറമേ, പൂർത്തിയായ ഭാഗങ്ങളുടെ ടേക്ക് ഓവർ നടപടികൾ പൂർത്തിയാക്കുന്നതിലും കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥ തുടരുകയാണെന്ന ആക്ഷേപമുണ്ട്.
റോഡ് ടേക്ക് ഓവർ നടപടികൾ പൂർത്തിയായാൽ തൊടുപുഴ-കരിമണ്ണൂർ- തൊമ്മൻകുത്ത്-നാരങ്ങാനം- മുണ്ടന്മുടി വഴി ഹൈറേഞ്ചിലേക്ക് ബസ് സർവീസ് ആരംഭിക്കാനാകും. ഇത് കരിമണ്ണൂർ, തൊമ്മൻകുത്ത് ടൗണുകളിലെ വ്യാപാരമേഖലയ്ക്ക് വലിയ നേട്ടമാകും. ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രാക്ലേശം അനുഭവിക്കുന്ന നാരങ്ങാനം നിവാസികൾക്കും ഇതോടെ യാത്രാസൗകര്യം ലഭിക്കും.
ആനച്ചാടിക്കുത്ത് സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും നേരിട്ട് ബസിൽ ഇവിടെയെത്താനാകും. റോഡ് പൂർത്തിയാകുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്കും വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
മെല്ലേപ്പോക്ക്
കണ്ണാടിപ്പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നതിനുള്ള നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്.
മഴ മാറിയ സാഹചര്യത്തിൽ താത്കാലിക പാലം നിർമിക്കുന്നതിനുള്ള നടപടികൾപോലും വൈകുകയാണ്.
തൊമ്മൻകുത്ത് പള്ളി അധികൃതർ പുഴയോരത്തെ ചാപ്പൽ പൊളിച്ചുനൽകാൻ തയ്യാറായിട്ടും പള്ളിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിൽ കെ.എസ്.ടി.പി. അധികൃതർ കാലതാമസം വരുത്തുന്നതായും ആരോപണമുണ്ട്.
കലുങ്കിന് സമീപം അപകടക്കെണി
നാല്പതേക്കർ ശാന്തിക്കാട് ക്ഷേത്രത്തിന് സമീപം കലുങ്ക് നിർമാണം പൂർത്തിയായെങ്കിലും ഇതിന്റെ വശംകെട്ടുന്നതിന് മുന്നോടിയായി കേബിൾ മാറ്റിസ്ഥാപിക്കാൻ ബി.എസ്.എൻ.എൽ. എടുത്ത കുഴി മാസങ്ങളായി നികത്താതെ കിടക്കുകയാണ്.
വളവിലുള്ള ഈ കുഴി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തുന്നു.
അപകടം സംഭവിക്കുന്നതിന് മുമ്പ് കുഴി നികത്തി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പള്ളിയുമായി കരാർ ഉടൻ ഒപ്പുവെയ്ക്കുമെന്നും ടേക്ക് ഓവർ നടപടികൾ പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും വളവിലെ കുഴി മൂടാൻ ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ട് നാളുകളായെന്നും കെ.എസ്.ടി.പി. അധികൃതർ പറഞ്ഞു.