ഓട്ടോഡ്രൈവർക്ക് വെട്ടേറ്റ സംഭവം; പ്രതി കീഴടങ്ങി

ഉപ്പുതറ : ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയായ ചീന്തലാർ രണ്ടാം സിവിന്റ് തേവർ ലയത്തിൽ വിവേകാനന്ദൻ ഉപ്പുതറ പോലീസിൽ കീഴടങ്ങി. ഉപ്പുതറ പാലം ജങ്ഷനിലെ ഓട്ടോഡ്രൈവർ ആശുപത്രിപ്പടി, ചിരട്ടവയലിൽ ക്രിസ്റ്റി (52)ക്കാണ് വെവെട്ടേറ്റത്. പരപ്പ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് പ്രതി വിവേകാനന്ദൻ.

ബുധനാഴ്ച മൂന്നോടെ മേച്ചേരിക്കടയിൽവെച്ചാണ് സംഭവം ഉണ്ടായത്. ഓട്ടോറിക്ഷയിൽ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഏഴ് മാസം മുൻപ് ഇവർ തമ്മിൽ പാലം ജങ്ഷനിൽവെച്ച് തർക്കമുണ്ടായി. തുടർന്ന് ക്രിസ്റ്റിയും കൂട്ടരും ചേർന്ന് പരപ്പിലെത്തി വിവേകാനന്ദനെ മർദിച്ചിരുന്നു.

ബുധനാഴ്ച മേച്ചേരിക്കടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കടയിൽ നിന്നിറങ്ങിയ ക്രിസ്റ്റിയും അതു വഴി ഓട്ടംവന്ന വിവേകാനന്ദനും തമ്മിൽ തർക്കം ഉണ്ടാകുകയും ക്രിസ്റ്റിയെ വെട്ടുകയായിരുന്നു.

സാരമായി മുറിവേറ്റ ക്രിസ്റ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതി അഭിഭാഷകനോടൊപ്പമെത്തി വ്യാഴാഴ്ച രാവിലെ ഉപ്പുതറ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ബി.എം.എസ്. അനുഭാവിയാണ് വിവേകാനന്ദൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

സി.ഐ.ടി.യു. വിന്റെ സജീവ പ്രവർത്തകനായ ക്രിസ്റ്റിയെ വെട്ടിയതിൽ പ്രതിഷേധിച്ച് സി.പി.എം., സി.ഐ.ടി.യു. പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.