അധ്യാപകദിനാചരണം

നെടുങ്കണ്ടം : ഗുരുക്കന്മാരോടുള്ള ആദരവും സ്നേഹവും നന്ദിയും പങ്കുവെച്ച് പച്ചടി ശ്രീനാരായണ എൽ.പി. സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു.
എൽ.കെ.ജി. കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക എഫ്.എം. പരിപാടികൾ അവതരിപ്പിച്ചു.
പ്രഥമാധ്യാപകൻ പി.കെ. ബിജുവിനെ സഹപ്രവർത്തകരായ അധ്യാപകർ പൊന്നാടയണിയിച്ചും പുഷ്പങ്ങൾ നൽകിയും ആദരിച്ചു. വിദ്യാർഥികൾ അധ്യാപകർക്ക് സ്വന്തമായി തയ്യാറാക്കിയ ആശംസാ കാർഡുകളും മധുരപലഹാരങ്ങളും നൽകി.
ദിനാഘോഷത്തിന്റെ ഭാഗമായി നാലാംക്ലാസ് വിദ്യാർഥികൾ 'കുട്ടി അധ്യാപകരായി' വേഷമണിഞ്ഞെത്തി ക്ലാസ് നയിച്ചു. ഓരോ കുട്ടിയും അധ്യാപകരുടെ വേഷവും സംസാരശൈലിയും അധ്യാപനരീതിയും അനുകരിച്ചു.