മഴനിരീക്ഷണ പദ്ധതി ഇഴയുന്നു

52 പഞ്ചായത്തിൽ ഒൻപതിടത്ത് മാത്രം മഴമാപിനി
ഇടുക്കി : ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ജില്ലയിലെ രണ്ടുനഗരസഭകളിലും 52 പഞ്ചായത്തുകളിലും മഴനിരീക്ഷണ സംവിധാനം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കൽ ഇഴയുന്നു. നിലവിൽ ഒമ്പത് പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും മാത്രമാണ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്. സ്ഥാപിച്ച സംവിധാനങ്ങളിലെ മഴയുടെ അളവുകളും മറ്റും വർഷത്തിൽ ഒരിക്കൽ മാത്രമാണ് രേഖപ്പെടുത്തുന്നതെന്ന ആരോപണവും പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് ചോദ്യമുയർത്തുന്നു.
അറക്കുളം, ഇടവെട്ടി, കോടിക്കുളം, കുടയത്തൂർ, മാങ്കുളം, നെടുങ്കണ്ടം, ഉടുമ്പന്നൂർ, വണ്ടിപ്പെരിയാർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് നിലവിൽ മഴനിരീക്ഷണ സംവിധാനമുള്ളത്. ഇതിൽ പല പഞ്ചായത്തുകളിലെയും യന്ത്രങ്ങൾ കേടായ അവസ്ഥയിലുമാണ്.
കൂടാതെ ഇവിടങ്ങളിലെ വിവരങ്ങൾ നിരന്തരം ശേഖരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം.
പഞ്ചായത്തുകളിൽനിന്നുള്ള മഴയുടെ റീഡിങ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കുന്നില്ലെന്നും അഞ്ചുതാലൂക്കുകളിലായി 195 സ്റ്റേഷനുകളിൽനിന്നുള്ള റീഡിങ് മാത്രമാണ് നിലവിൽ ലഭിക്കുന്നതെന്നും അധികൃതർ പറയുന്നു. ഇതോടെ പഞ്ചായത്തുതലത്തിൽ സ്ഥാപിച്ച സംവിധാനത്തിന്റെ ഉദ്ദേശ്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഓരോ പഞ്ചായത്തിലെയും മഴയുടെ തോത് കൃത്യമായി നിരീക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ, സംവിധാനം സ്ഥാപിച്ച സ്ഥലങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തില്ലെങ്കിൽ, മലയോരമേഖലകളിലെ മഴയുടെ തോതിലെ പ്രാദേശിക വ്യത്യാസങ്ങൾ തിരിച്ചറിയാനോ അപകടസാധ്യതയുള്ള മേഖലകളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനോ കഴിയില്ല.
ശക്തമായമഴയും അതിതീവ്രമഴയും പതിവാകുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ മഴയുടെ അളവ് തത്സമയം നിരീക്ഷിക്കേണ്ടത് നിർണായകമാണ്.
52 പഞ്ചായത്തുകളിലും സംവിധാനം സ്ഥാപിക്കുമെന്ന ലക്ഷ്യത്തിനപ്പുറം, സ്ഥാപിച്ച സംവിധാനങ്ങളിൽനിന്നുള്ള റീഡിങ് പോലും കൃത്യമായി ശേഖരിക്കാത്തത് പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.