വണ്ടിപ്പെരിയാറിൽ ദേശീയപാതയിലെ കുഴി അടച്ചു

വണ്ടിപ്പെരിയാർ : കൊട്ടാരക്കര-ദിണ്ഡുക്കൽ ദേശീയപാത 183-ൽ വണ്ടിപ്പെരിയാർ പശുമല കവലയ്ക്ക് സമീപം രൂപപ്പെട്ട വലിയ കുഴി ദേശീയപാതാ അധികൃതർ അടച്ചു. ഇതോടെ ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് കുഴിയിൽ വീഴുമെന്ന ഭീതിയില്ലാതെ തത്‌കാലം യാത്രചെയ്യാം.

നാളുകൾക്കു മുമ്പ് റോഡിൽ രൂപപ്പെട്ട വലിയ കുഴി യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമിയിൽ വാർത്ത വന്നതിനെത്തുടർന്നാണ് ദേശീയപാതാ അധികൃതർ കുഴി അടയ്ക്കാൻ നടപടി സ്വീകരിച്ചത്.

അതേസമയം, ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ റോഡിന് നടുവിലായി ഇനിയും ചെറുതുംവലുതുമായ നിരവധി കുഴികൾ അടയ്ക്കാനുണ്ട്. അധികൃതർ ഇവ കണ്ടില്ലെന്ന് നടിക്കുന്നതോടെ വാഹനങ്ങൾ കുഴികളിൽ വീഴുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ കുഴികൾ തിരിച്ചറിയാൻ കഴിയാതെ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും യാത്രക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല മണ്ഡലക്കാലം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ ദേശീയപാതയിലെ മറ്റ് കുഴികൾകൂടി അടച്ച് റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തീർഥാടകരും മറ്റു യാത്രക്കാരും കൂടുതലായെത്തുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.