തൊടുപുഴയിലെ ജില്ലാ ആയുർവേദാശുപത്രിയിൽ ആയുഷ് ലാബും റെറ്റിന ക്ലിനിക്കും

42 ലക്ഷം രൂപയുടെ പദ്ധതി
തൊടുപുഴ : ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ ആയുഷ് ലാബിന്റെയും റെറ്റിന ക്ലിനിക്കിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. നാഷണൽ ആയുഷ് മിഷന്റെ 30 ലക്ഷം രൂപ ചെലവഴിച്ചാണ് റെറ്റിന ക്ലിനിക്കിലേക്ക് അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കിയത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആയുഷ് ലാബിലേക്ക് 12 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ആയുഷ് മിഷൻ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ അധ്യക്ഷ സാബിറ ജലീൽ മുഖ്യാതിഥിയായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി റെജി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സലിം, ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, കൗൺസിലർ ഷാഹുൽ ഹമീദ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽസൺ വി. ജോർജ്, എച്ച്.എം.സി. അംഗങ്ങളായ ജോസഫ് കല്ലിങ്കക്കുടിയിൽ, ജിൽസൺ അഗസ്റ്റിൻ, ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.