നവീകരിച്ച റോഡിൽ സുരക്ഷയില്ല

മണിയൻസിറ്റിയിലെ കൊടുംവളവ് യാത്രക്കാർക്ക് ഭീഷണിയാകുന്നു
തൊമ്മൻകുത്ത് : മണിയൻസിറ്റി- നാരങ്ങാനം റോഡിലെ കൊടുംവളവും കുത്തനെയുള്ള ഇറക്കവും വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. അപകടങ്ങൾ പതിവായതോടെ ഈ ഭാഗം മരണക്കെണിയായി മാറിയിരിക്കുകയാണ്.
നെയ്യശ്ശേരി-തോക്കുമ്പൻ റോഡിന്റെ ഭാഗമായ ഇവിടെ നവീകരണം പൂർത്തിയായി ആറുമാസത്തിനിടെ പത്തോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവയിൽ ഭൂരിഭാഗവും ചെറുവാഹനങ്ങളാണ്.
അടുത്തിടെയാണ് റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ചത്. തൊടുപുഴ-ഉടുമ്പന്നൂർ റോഡിനെയും ആലപ്പുഴ- മധുര സംസ്ഥാനപാതയെയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാതയാണിത്.
റോഡ് തുറന്നതോടെ ഹൈറേഞ്ചിൽനിന്ന് തിരിച്ചും നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
ആനചാടിക്കുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരുടെ വാഹനങ്ങളും ഈ പാതയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പ്രധാന പാതയായി മാറിയെങ്കിലും അപകടസാധ്യത ഒഴിവാക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. മണിയൻസിറ്റിക്ക് മുകളിലുള്ള കൊടുംവളവിലാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്.
വളവിലെ റോഡിൽനിന്ന് ഉയർന്നുനിൽക്കുന്ന ഓടയുടെ സ്ലാബും അപകടസൂചനാ ഫലകങ്ങളുടെയും സിഗ്നൽ ലൈറ്റുകളുടെയും അഭാവവും അപകടസാധ്യത വർധിപ്പിക്കുന്നു. വളവിൽ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ ആവശ്യമായ വീതിയില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
വനംവകുപ്പ് ഭൂമി വിട്ടുനൽകണമെന്ന് ആവശ്യം
വളവിൽ കൂടുതൽ വീതി ലഭ്യമാക്കിയാൽ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനാകും.
എന്നാൽ, റോഡിന് വീതി കൂട്ടുന്നതിനായി വനംവകുപ്പിന്റെ ഭൂമി വിട്ടുകിട്ടേണ്ടതുണ്ട്. ഭൂമി വിട്ടുനൽകുന്നതിനുള്ള നടപടികൾക്കായി സർക്കാർതലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുപുറമേ, അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കുകയും റോഡിൽനിന്ന് ഉയർന്നുനിൽക്കുന്ന ഓടയുടെ സ്ലാബ് ക്രമീകരിക്കുകയുമുൾപ്പെടെയുള്ള അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണം. വലിയ ദുരന്തങ്ങളും ജീവഹാനിയും സംഭവിക്കുന്നതിന് മുൻപ് അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.